Site iconSite icon Janayugom Online

മാതൃ-ശിശു മരണം ഏറ്റവും കൂടുതല്‍ ഇന്ത്യയിലെന്ന് യുഎന്‍

മാതൃ-ശിശു മരണങ്ങളും ചാപിള്ള ജനനങ്ങളും ഏറ്റവും കൂടുതല്‍ നടക്കുന്നത് ഇന്ത്യയിലാണെന്ന് യുഎന്‍. ലോകത്ത് സംഭവിക്കുന്ന 60 ശതമാനം മാതൃ ശിശു മരണങ്ങളും 10 രാജ്യങ്ങളിലായാണ് സംഭവിക്കുന്നത്‌. ഈ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.
ഇന്റര്‍നാഷണല്‍ മെറ്റേണല്‍ ന്യൂബോണ്‍ ഹെല്‍ത്ത് സമ്മേളനത്തിലാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. ഐക്യരാഷ്ട്രസഭ, ലോകാരോഗ്യ സംഘടന, യൂനിസെഫ് എന്നീ സംഘടനകള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുള്ള കണക്കുകളിത്.
ആഫ്രിക്കയിലും ദക്ഷിണേഷ്യയിലുമാണ് ഏറ്റവും കൂടുതല്‍ മാതൃ ശിശു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2020–21 വര്‍ഷത്തില്‍ ലോകത്ത് ആകെ 45 ലക്ഷം മാതൃ ശിശു മരണങ്ങളാണ് നടന്നത്. അതായത്, 2,90,000 സ്ത്രീകള്‍ പ്രസവ സമയത്ത് മരിച്ചു. 19 ലക്ഷം കുഞ്ഞുങ്ങള്‍ അമ്മയുടെ ഉദരത്തില്‍ തന്നെ മരിച്ചിരുന്നു. 23 ലക്ഷം നവജാത ശിശുക്കള്‍ മരിച്ചു.
ഇന്ത്യയില്‍ ഇതേ കാലയളവില്‍ 7.88 ലക്ഷം മാതൃ ശിശു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2.3 ലക്ഷം ശിശുമരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ചാപിള്ളകളുടെ എണ്ണം പത്ത് ലക്ഷത്തിലധികമാണ്. 2015 മുതലാണ് മാതൃ ശിശു മരണ നിരക്കില്‍ ക്രമാതീതമായ വര്‍ദ്ധന ഉണ്ടായത്. 2000 മുതല്‍ 2015 വരെ മാതൃ ശിശു മരണനിരക്കില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു.
ലോക ജന സംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലാണ് ലോകത്തെ ജനനങ്ങളില്‍ 17 ശതമാനവും നടക്കുന്നത്. നൈജീരിയ, പാക്കിസ്ഥാന്‍, കോംഗോ, ഏതോപ്യ, ബംഗ്ലാദേശ്, ചൈന എന്നിവയാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍. സബ് സഹാറന്‍ ആഫ്രിക്കയും മധ്യ ദക്ഷിണേഷ്യയുമാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നേരിടുന്ന മറ്റ് പ്രദേശങ്ങള്‍.
ആഫ്രിക്കയിലും ദക്ഷിണേഷ്യയിലും ഗര്‍ഭവതികളായ എട്ടില്‍ നാല് സ്ത്രീ പോലും ഗര്‍ഭകാല പരിശോധനകള്‍ നടത്തുന്നില്ല. കൂടാതെ, ഗര്‍ഭ കാലത്തും പ്രസവസമയത്തും പ്രസാവനന്തരവും അമ്മയ്ക്കും കുഞ്ഞിനും വേണ്ട രീതിയിലുള്ള പരിചരണം ലഭിക്കാത്തതിന്റെ ഫലമായാണ് മരണനിരക്കില്‍ ഇത്തരത്തില്‍ വര്‍ധന ഉണ്ടായിരിയ്ക്കുന്നതെന്നും യുഎന്‍ പറയുന്നു.

eng­lish sum­ma­ry; UN says India has the high­est rate of mater­nal and child deaths

you may also like this video;

Exit mobile version