Site iconSite icon Janayugom Online

ഗാസ സമാധാന പദ്ധതിക്ക് യുഎന്‍ സുരക്ഷാ സമിതിയുടെ അംഗീകാരം; എതിര്‍ത്ത് ഹമാസ്

ഗാസയിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള കരട് പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ സമിതി. എതിരില്ലാത്ത 13 വോട്ടുകൾക്കാണ് പ്രമേയം പാസായത്. അതിർത്തി സുരക്ഷിതമാക്കുന്നതിനും ഗാസയിലെ സൈനികവൽക്കരണം അവസാനിപ്പിക്കുന്നതിനും സാധാരണക്കാരെ സംരക്ഷിക്കുന്നതിനും പുതുതായി പരിശീലനം ലഭിച്ച ഫലസ്തീൻ പൊലീസിനൊപ്പം ഇസ്രായേലും ഈജിപ്തും ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രമേയത്തില്‍ പറയുന്നു. 

റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബ്രിട്ടന്‍, ഫ്രാന്‍സ്, സോമാലിയ തുടങ്ങിയ രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. കരട് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതിന്, മറ്റു രാജ്യങ്ങള്‍ക്ക് യുഎന്നിലെ യുഎസ് അംബാസഡര്‍ മൈക്ക് വാള്‍ട്ട്‌സ് കൗണ്‍സിലിന് നന്ദി അറിയിച്ചു. 20 ഇന പദ്ധതിയാണ് യുഎസ് മുന്നോട്ടുവെച്ചിട്ടുള്ളത്.

അതേസമയം ഹമാസ് പ്രമേയത്തെ എതിര്‍ത്തുകൊണ്ട് മുന്നോട്ട് വന്നു. യുഎസിന്റെ ഈ പ്രമേയം ഫലസ്തീൻ ആവശ്യങ്ങൾ നിറവേറ്റുന്നില്ല. ഗസ്സയിൽ വിദേശ സൈനികരുടെ സാന്നിധ്യം നിരസിക്കുന്നുവെന്നും ഇസ്രായേൽ അധിനിവേശത്തിന് പകരം വിദേശ രക്ഷാകർതൃത്വമാണ് ഇതുണ്ടാക്കുന്നതെന്നും ഹമാസ് വ്യക്തമാക്കി. പ്രതിരോധങ്ങളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഗാസ മുനമ്പിനുള്ളില്‍ അന്താരാഷ്ട്ര സേനയ്ക്ക് ചുമതലകള്‍ നല്‍കുന്നത് അതിന്റെ നിഷ്പക്ഷത ഇല്ലാതാക്കുമെന്നും ഹമാസ് കുറ്റപ്പെടുത്തി. 

Exit mobile version