Site icon Janayugom Online

35 കോടിയാളുകള്‍ പട്ടിണിയിലേക്കെന്ന് യുഎന്‍

82 രാജ്യങ്ങളിലായി 34.5 കോടിയാളുകള്‍ പട്ടിണിയുടെ വക്കിലാണെന്ന് യുഎന്‍ മുന്നറിയിപ്പ്. പട്ടിണിയിലാകുന്നവരുടെ എണ്ണം വര്‍ധിച്ചത് ആഗോള അടിയന്തരാവസ്ഥയിലേക്ക് നയിക്കുമെന്നും യുഎന്‍ ഭക്ഷ്യ പദ്ധതി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബേസ്‌ലി സുരക്ഷാ കൗണ്‍സിലിനെ അറിയിച്ചു. ഉക്രെയ്നിലെ റഷ്യന്‍ സൈനിക നടപടിയെ തുടര്‍ന്ന് ഏഴ് കോടി ആളുകള്‍ പട്ടിണിയിലേക്ക് നീങ്ങുന്നതായും അദ്ദേഹം പറഞ്ഞു. 2020ല്‍ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെടുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ രണ്ടര മടങ്ങ് വര്‍ധനവുണ്ടായി. 45 രാജ്യങ്ങളിലെ അഞ്ച് കോടിയാളുകള്‍ അതിരൂക്ഷമായ ഭക്ഷ്യ അരക്ഷിതാവസ്ഥയും പോഷകാഹാരക്കുറവുമാണ് നേരിടുന്നത്. വിശപ്പിന്റെ തിരമാല സുനാമിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര കലാപങ്ങള്‍, കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, ഇന്ധനവില വര്‍ധന, ഉക്രെയ്നിലെ റഷ്യന്‍ സൈനികനടപടി തുടങ്ങിയവയാണ് പട്ടിണി വര്‍ധിക്കാനുള്ള കാരണങ്ങളായി വിലയിരുത്തുന്നത്. റഷ്യന്‍ സൈനിക നടപടിയെ തുടര്‍ന്ന് ഭക്ഷണം, ഇന്ധനം, രാസവളം എന്നിവയിലുണ്ടായ വിലവര്‍ധനവ് ഏഴ് കോടിയാളുകളെ പട്ടിണിയിലേക്ക് നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്ന്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടന്ന ധാന്യങ്ങളും റഷ്യന്‍ രാസവളവും ആഗോളവിപണിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം ഭക്ഷ്യവിലയില്‍ ക്രമാതീതമായ വര്‍ധന രേഖപ്പെടുത്തുന്നതിനൊപ്പം ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധവുണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു.

യെമനില്‍ കഴി‍ഞ്ഞ ഏഴുവര്‍ഷമായി നടക്കുന്ന യുദ്ധത്തെ തുടര്‍ന്ന് ഒന്നരകോടിയോളം വരുന്ന പത്തില്‍ ആറ് പേരും ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുകയാണ്. ഏകദേശം 1,60,000 പേര്‍ ദുരന്തമുഖത്താണ്. 5,38,000 കുട്ടികള്‍ ഗുരുതരമായ പോഷകാഹാരക്കുറവും നേരിടുന്നതായി ഡോ. ബേസ്‌ലി യുഎന്നില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എത്യോപ്യ, വടക്കുകിഴക്കന്‍ നൈജീരിയ, ദക്ഷിണ സുഡാന്‍, യെമന്‍ എന്നിവിടങ്ങളിലെ ഭക്ഷ്യ അരക്ഷിതാവസ്ഥയും പട്ടിണിയുടെ അപകടാവസ്ഥയും സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കാമെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വിലയിരുത്തുന്നത്. സൊമാലിയയില്‍ ഈയിടെ നടത്തിയ സന്ദര്‍ശനത്തിന്റെ പശ്ചാത്തലവും അവിടത്തെ ഭക്ഷ്യ പ്രതിസന്ധിയും ഫുഡ് പ്രോഗ്രാം മേധാവി ഡേവിസ് ബീസ്‌ലിയും ഹ്യുമാനിറ്റേറിയല്‍ മേധാവി മാര്‍ട്ടിന്‍ ഗ്രിഫിത്ത്സും സുരക്ഷാ കൗണ്‍സിലില്‍ വിവരിച്ചു. സൊമാലിയ ഒരു ഒറ്റപ്പെട്ട സ്ഥലമായി കാണേണ്ട, ലക്ഷക്കണക്കിന് ആളുകള്‍ വിശപ്പിന്റെ വിനാശകരമായ തലങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും ഇരുവരും മുന്നറിയിപ്പ് നല്‍കി.

ശ്രീലങ്കയില്‍ ഭക്ഷ്യപ്രതിസന്ധി

കൊളംബൊ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്ക പതിറ്റാണ്ടിലെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഭക്ഷ്യവിലയില്‍ 90 ശതമാനത്തിലധികം വര്‍ധനയാണ് ദ്വീപ് രാജ്യത്തുണ്ടായത്. അരി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ക്ക് സാധാരണക്കാര്‍ക്ക് വാങ്ങാന്‍ കഴിയാത്ത വിധം വിലവര്‍ധിച്ചതായും യുഎന്നിന്റെ ലോക ഭക്ഷ്യ പദ്ധതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ 30 ശതമാനം ജനസംഖ്യയും ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ട്. നാലില്‍ ഒരു ശ്രീലങ്കക്കാര്‍ വീതം പതിവായി ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കേണ്ട സ്ഥിതിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ച്ചയായ രണ്ടു സീസണിലെയും മോശം വിളവെടുപ്പ് ഉല്പാദനത്തില്‍ 50 ശതമാനം ഇടിവാണുണ്ടാക്കിയത്‌. സാമ്പത്തിക പ്രതിസന്ധി കാരണം 60 ശതമാനത്തിലേറെ കുടുംബങ്ങള്‍ ഭക്ഷണത്തിന്റെ അളവ് കുറയ്‌ക്കുകയും വിലയും പോഷകമൂല്യവും കുറവുള്ള ഭക്ഷണങ്ങള്‍ ശീലമാക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പത്ത് ലക്ഷത്തിലധികം ശ്രീലങ്കക്കാര്‍ രാജ്യം വിട്ടു

കൊളംബൊ: കഴിഞ്ഞ 20 മാസത്തിനിടെ പത്ത് ലക്ഷത്തിലധികം ശ്രീലങ്കന്‍ പൗരന്മാര്‍ രാജ്യം വിട്ടതായി കുടിയേറ്റ വിഭാഗം വക്താവ് പിയുമി ബന്ദാര. 2021 ജനുവരി ഒന്നു മുതല്‍ ഈ വര്‍ഷം ഓഗസ്റ്റ് 30 വരെ 10,13,992 പേര്‍ പുതിയതായി പാസ്പോര്‍ട്ട് എടുത്തു. ഇതേകാലയളവില്‍ 10,50,024 പേര്‍ രാജ്യം വിട്ടു. 44,97,122 പൗരന്മാര്‍ക്ക് സാധുവായ വിസ കൈവശമുള്ളതായും ബന്ദാര അറിയിച്ചു.

Eng­lish Sum­ma­ry: UN warns mil­lion peo­ple face star­va­tion worldwide
You may also like this video

Exit mobile version