Site iconSite icon Janayugom Online

യുഎസിനെ വിറപ്പിച്ച യുനബോംബര്‍; ടെഡ് കാസിന്‍സ്‌കി മരിച്ചനിലയില്‍

യുനബോംബര്‍ എന്നറിയപ്പെടുന്ന യുഎസ് അരാജകത്വവാദി ടെഡ് കാസിന്‍സ്‌കിയെ ജയില്‍ സെല്ലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. 81 വയസായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ 12.30 ഓടെ കാസിന്‍സ്‌കിയെ സെല്ലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു,
തിയഡോർ ജോൺ കാസിൻസ്കി എന്നാണ് മുഴുവൻ പേര്. ഗണിതത്തിൽ പാണ്ഡിത്യമുള്ള കാസിന്‍സ്കി കാലിഫോർണിയാ സർവകലാശാലയിൽ പ്രൊഫസറായിരുന്നു. പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ അധ്യാപക ജീവിതം ഉപേക്ഷിച്ചു. 1971 ൽ മൊണ്ടാനയിലെ വൈദ്യുതിയോ വെള്ളമോ ഇല്ലാത്ത വനപ്രദേശത്തെ മരം കൊണ്ടുള്ള ചെറിയ മുറിയില്‍ താമസം ആരംഭിച്ചു.
പ്രകൃതി നശിപ്പിക്കപ്പെടുന്നതിൽ ടെഡ് അസ്വസ്ഥനായിരുന്നു. ആധുനിക സാങ്കേതിക വിദ്യയെ പിന്തുണയ്ക്കുന്നവരെ കൊലപ്പെടുത്താൻ വേണ്ടിയായിരുന്നു കാസിന്‍സ്കി ബോംബ് സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത്. 1978 നും 1995 നും ഇടയില്‍ 16 ബോംബ് ആക്രമണങ്ങള്‍ നടത്തി. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 23 പേർക്ക് പരിക്കേറ്റു.
ആദ്യകാലത്ത് ആക്രമണങ്ങള്‍ക്ക് തെരഞ്ഞെടുത്തത് സര്‍‍വകലാശാലകളായിരുന്നു. അതിനാല്‍ യുനബോംബര്‍ എന്നറിയപ്പെട്ടു. കുറേയേറെ തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞില്ല. എന്നാല്‍ ബോംബാക്രമണ പരമ്പര അവസാനിപ്പിക്കാന്‍ വിചിത്രമായ ആവശ്യമാണ് കാസിന്‍സ്കി മുന്നോട്ടുവച്ചത്. വ്യവസായവത്കരണവും അതിന്റെ ഭാവിയും എന്ന തന്റെ പ്രബന്ധം വാഷിങ്ടൺ പോസ്റ്റിലോ ന്യൂയോര്‍ക്ക് ടൈംസിലോ പ്രസിദ്ധീകരിക്കണമെന്നായിരുന്നു ആവശ്യം. 1995ലായിരുന്നു ഇത്.
യുഎസ് അറ്റോര്‍ണി ജനറലിന്റെയും എഫ്ബിഐ ഡയറക്ടറുടെയും ശുപാര്‍ശ പ്രകാരം രണ്ട് പത്രങ്ങളും 35,000 വാക്കുകളുള്ള കാസിന്‍സ്കിയുടെ മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു. പ്രബന്ധത്തിലെ ആശയങ്ങൾ കണ്ടു സംശയം തോന്നിയ കാസിന്‍സ്കിയുടെ സഹോദരങ്ങള്‍ വഴി പൊലീസ് ഇയാളിലേക്ക് എത്തിച്ചേരുകയായിരുന്നു. 1998 ല്‍ കാസിന്‍സ്കി അറസ്റ്റിലായി.
ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് ഏതുശിക്ഷയും ഏറ്റുവാങ്ങുമെന്ന് കാസിന്‍സ്കി കോടതിയില്‍ അറിയിച്ചു. പരോളിന് അര്‍ഹതയില്ലാതെ നാല് ജീവപര്യന്തവും 30 വര്‍ഷം തടവുമാണ് ശിക്ഷ ലഭിച്ചത്. കാസിന്‍സ്‌കിയെ മുമ്പ് കൊളറാഡോ അതീവ സുരക്ഷാജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. ആരോഗ്യനില മോശമായതിനാല്‍ 2021 ഡിസംബറില്‍ നോര്‍ത്ത് കരോലിനയിലെ ബട്ട്നറിലെ ഫെഡറല്‍ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു.

eng­lish summary;Unabomber Ted Kaczyn­s­ki Found Dead In US Prison Cell

you may also like this video;

Exit mobile version