Site iconSite icon Janayugom Online

ഉണർവ് വനിതാ മുന്നേറ്റ യാത്ര ആരംഭിച്ചു

ജോയിന്റ് കൗൺസില്‍ സംസ്ഥാന വനിതാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉണർവ് വനിതാ മുന്നേറ്റ യാത്ര പര്യടനമാരംഭിച്ചു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനിരാജ ഉദ്ഘാടനം നിര്‍വഹിച്ചു. കോവിഡിന് ശേഷം രാജ്യത്തെ സർവ്വീസ് മേഖലയിലെ തൊഴിലുകളെല്ലാം സ്വകാര്യമേഖലയിൽ നൽകിയിരിക്കുകയാണെന്നും ഇതിലൂടെ പാർശ്വവൽക്കരിക്കപ്പെട്ടവർ തൊഴിലിൽ നിന്ന് പുറംതള്ളപ്പെടുകയാണെന്നും ആനി രാജ പറഞ്ഞു.

സ്ത്രീകൾക്ക് വേണ്ടി ചെയ്യുന്നു എന്ന് പറഞ്ഞ് കേന്ദ്ര സർക്കാർ തുടങ്ങിയതെല്ലാം സ്ത്രീകളെ കബളിപ്പിക്കാൻ മാത്രമാണ്. ഓരോ കുടുംബിനികൾക്കും പാചകവാതകം സൗജന്യമെന്ന് പറഞ്ഞ് പദ്ധതി തുടങ്ങിയപ്പോൾ മറ്റൊരു വശത്ത് ഗ്യാസിന്റെ സബ്സിഡി ഒഴിവാക്കി കുടുംബിനികളെ വഞ്ചിക്കുകയായിരുന്നു. രാജ്യത്ത് പഠനത്തിൽ കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് തുടരുമ്പോഴും അതിന് മറുപടിയില്ലാതെ പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുകയാണ്. പെൺകുട്ടികളെ പഠിപ്പിച്ച് ബിരുദധാരികളാക്കുമെന്ന് പറയുമ്പോഴും അവർക്കുള്ള തൊഴിലവസരങ്ങൾ രാജ്യത്ത് സ്വകാര്യവൽക്കരണത്തിലൂടെ ഇല്ലാതാക്കുന്നു.

ആർഎസ്എസ് നയിക്കുന്ന സർക്കാരും പ്രധാനമന്ത്രിയും രാജ്യത്തുണ്ടാകുമ്പോൾ രാജ്യത്തെ സ്ത്രീകൾ നിതീ പ്രതീക്ഷിക്കേണ്ടതില്ലെന്നും അവർ പറഞ്ഞു. സംഘാടകസമിതി ചെയര്‍മാനും സിപിഐ ജില്ലാ സെക്രട്ടറിയുമായ അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ സുഗൈതകുമാരി എം എസ്, അഡ്വ. ആശ ഉണ്ണിത്താന്‍, അഡ്വ. ഖദീജത്ത് റുക്സാന കെ, ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ ഷാനവാസ്, ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, വൈസ് ചെയര്‍മാന്‍ നരേഷ് കുമാര്‍ കന്നിയൂര്‍, ട്രഷറർ കെ പി ഗോപകുമാർ, സംസ്ഥാന സെക്രട്ടറിമാരായ കെ മുകുന്ദൻ, പി സി സന്തോഷ് കുമാർ, സംസ്ഥാന സെക്രട്ടേറിയറ്റംഗം നാരായണൻ കുഞ്ഞിക്കണ്ണോത്ത്, വനിതാ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് ബിന്ദു രാജൻ, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി പ്രസാദ് കരുവളം, പ്രസിഡന്റ് സി വി ബിജുരാജ് എന്നിവർ സംസാരിച്ചു.

യമുനാ രാഘവന്‍ സ്വാഗതവും രാഖി രാജ് ആര്‍ ബി നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം സാറ ജോസഫിന്റെ തായ്‌ക്കുലം കഥയുടെ സ്വതന്ത്ര നാടകാവിഷ്കാരം ഞാന്‍ ശൂര്‍പ്പണഖ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം വി വി ഹാപ്പി വൈസ് ക്യാപ്റ്റനും ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് ബിന്ദു രാജൻ മാനേജരുമായ ജാഥ ജില്ലകളിലെ പര്യടനത്തിന് ശേഷം 25ന് തിരുവന്തപുരം കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ സമാപിക്കും.

Eng­lish summary;unarvu women move­ment jour­ney started

You may also like this video;

Exit mobile version