Site icon Janayugom Online

ആശുപത്രിയില്‍ അനധികൃത ഗര്‍ഭഛിദ്രം: ബയോഗ്യാസ് പ്ലാന്റില്‍നിന്ന് കണ്ടെടുത്തത് 11 തലയോട്ടികളും 54 അസ്ഥികളും

മഹാരാഷ്ട്രയിലെ ആശുപത്രിയിലെ ബയോഗ്യാസ് പ്ലാന്റിൽ നിന്ന് കുഞ്ഞുങ്ങളുടെ തലയോട്ടികളും അസ്ഥികളും  കണ്ടെടുത്തു. 11 തലയോട്ടികളും 54 അസ്ഥികളുമാണ് ​പൊലീസ് കണ്ടെടുത്തത്. ആശുപത്രിയിൽ അനധികൃത ഗര്‍ഭഛിദ്രം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിദഗ്ധ പരിശോധനക്കായി അസ്ഥികൾ ഫോറൻസിക് ലാബിലേക്ക് അയച്ചു. പതിമൂന്നുകാരിയുടെ ഗര്‍ഭം അലസിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കണ്ടെത്തല്‍. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയിൽനിന്ന് ഗർഭം ധരിച്ച പെണ്‍കുട്ടിയെ നിയമവിരുദ്ധമായി ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നാണ് കേസ്. ആശുപത്രിയിലെ ഒരു ഡോക്ടറെയും ​നഴ്സിനെയും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

ഗര്‍ഭിണിയായ ശേഷം പെണ്‍കുട്ടിയേയും കുടുംബത്തെയും യുവാവിന്റെ കുടുംബം നിരന്തരം ഭീഷണിപ്പെടുത്തുകയും ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് വാർധയിലെ ആശുപത്രിയിലെത്തി പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കി. കൗമാരക്കാരന്റെ കുടുംബമാണ് ഇതിനായി പണം നൽകിയതെന്നും പൊലീസ് പറയുന്നു. ജനുവരി ഒമ്പതിനാണ് ഡോക്ടറേയും നഴ്സിനേയും അറസ്റ്റ് ചെയ്തത്. 18വയസിൽ താഴെയുള്ള പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയപ്പോൾ അധികൃതരെ അറിയിച്ചില്ലെന്നാണ് ​ഡോക്ടർക്കെതിരായ കേസ്. കൗമാരക്കാരന്റെ മാതാപിതാക്കളെയും ​പൊലീസ് അറസ്റ്റ് ചെയ്തു.

Eng­lish Sum­ma­ry: Unau­tho­rized abor­tion in hos­pi­tal: 11 skulls and 54 bones recov­ered from bio gas plant

you may like this video

Exit mobile version