Site iconSite icon Janayugom Online

തോല്‍ക്കാതെ യുണൈറ്റഡ്; സമനിലയിലും ആഴ്സണല്‍ തലപ്പത്ത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ബേണ്‍മൗത്തിനെതിരെ ഏകപക്ഷീയ മൂന്ന് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ വിജയം. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ യുണൈറ്റഡിനായി മധ്യനിരതാരം കാസെമിറോ, പ്രതിരോധതാരം ലൂക്ക് ഷോ, സൂപ്പര്‍താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് എന്നിവര്‍ വലകുലുക്കി. ബണ്‍മൗത്തിന് എതിരെ ആദ്യ ഇലവനില്‍ നിരവധി മാറ്റങ്ങളുമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇറങ്ങിയത്. അതുകൊണ്ട് തന്നെ അവസാന മത്സരങ്ങളില്‍ കണ്ട താളം യുണൈറ്റഡിന് തുടക്കത്തില്‍ ഉണ്ടായിരുന്നില്ല. നിരവധി മിസ് പാസുകള്‍ പിറക്കുന്നതും ആദ്യ പകുതിയില്‍ കാണാന്‍ ആയി. മത്സരത്തിന്റെ 23-ാം മിനിറ്റില്‍ ഒരു സെറ്റ് പീസില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആദ്യ ഗോള്‍ കണ്ടെത്തി. എറിക്സണ്‍ എടുത്ത ഫ്രീകിക്ക് കസെമിറോ ആണ് ലക്ഷ്യത്തില്‍ എത്തിച്ചത്. പിന്നാലെ 49-ാം മിനിറ്റില്‍ ലൂക്ക് ഷോയും 86-ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ഗോളടിച്ചു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ യുണൈറ്റഡിന്റെ തുടര്‍ച്ചയായ ആറാം വിജയമാണിത്.

ഈ വിജയത്തോടെ ചുവന്ന ചെകുത്താന്മാര്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുന്നു. 17 മത്സരങ്ങളില്‍ നിന്ന് 11 വിജയവും രണ്ട് സമനിലയും നാല് തോല്‍വിയുമടക്കം 35 പോയന്റാണ് ടീമിനുള്ളത്. മറ്റൊരു മത്സരത്തില്‍ എവര്‍ട്ടണിനെ തകര്‍ത്ത് ബ്രൈറ്റണും വിജയം നേടി. ഒന്നിനെതിരെ നാല് ഗോളുകളുടെ ജയമാണ് ബ്രൈറ്റണ്‍ സ്വന്തമാക്കിയത്. മത്സരത്തിലെ ഒരു ഗോളൊഴികെ മറ്റ് അഞ്ചു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. ബ്രൈറ്റണിനായി കൗറു മിട്ടോമ, ഇവാന്‍ ഫെര്‍ഗ്യൂസണ്‍, സോളി മാര്‍ച്ച്, പാസ്കല്‍ ഗ്രോബ് എന്നിവര്‍ ഗോള്‍ നേടി. 

മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റിയില്‍ നിന്നും ഡിമറായി ഗ്രേയാണ് എവര്‍ട്ടണിന്റെ ആശ്വാസ ഗോള്‍ നേടിയത്. ആഴ്സണല്‍-ന്യൂകാസില്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. സീസണില്‍ ആഴ്സണല്‍ വഴങ്ങുന്ന രണ്ടാമത്തെ മാത്രം സമനിലയാണിത്. സമനില വഴങ്ങിയെങ്കിലും 17 മത്സരങ്ങളില്‍ നിന്ന് 44 പോയിന്റുമായി ആഴ്സണല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ന്യൂകാസില്‍ 18 മത്സരങ്ങളില്‍ നിന്ന് 35 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.

Eng­lish Summary;Unbeaten Unit­ed; Arse­nal lead in the draw
You may also like this video

Exit mobile version