Site iconSite icon Janayugom Online

മോർച്ചറിയിലെ ഫ്രീസര്‍ തകരാറില്‍, പുഴവരിച്ച് മൃതദേഹം; അന്വേഷണത്തിന് ഉത്തരവിട്ടു

മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പുഴുവരിച്ച നിലയില്‍. സാഗർ ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ആശുപത്രി മോർച്ചറിയിലെ ഫ്രീസര്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നാണ് മൃതദേഹം പുഴവരിച്ചെതെന്നാണ് ആരോപണം. സംഭവം പുറത്തറിഞ്ഞതോടെ ബ്ലോക്ക് മെഡിക്കൽ ഓഫീസറെ (ബിഎംഒ) സ്ഥാനത്ത് നിന്ന് നീക്കിയതായും കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നുമാണ് വിവരം.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടർ ദീപക് ആര്യ മൂന്നംഗ സമിതിക്ക് രൂപം നൽകി. ഏപ്രിൽ ഒന്നിന് ഉറയ്യ ഗ്രാമത്തിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ മരിച്ചയാളെ തിരിച്ചറിയാത്തതിനെ തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്താൻ വൈകിയെന്നാണ് ബിഎംഒ സഞ്ജീവ് അഗർവാൾ പറയുന്നത്. ഫ്രീസർ പ്രവർത്തിക്കുന്നില്ലെന്ന് ജീവനക്കാര്‍ അറിയിച്ചിരുന്നില്ലെന്നും സഞ്ജീവ് അഗർവാൾ പറഞ്ഞു.

മൂന്ന് ദിവസമായിട്ടും മരിച്ചയാളെ തിരിച്ചറിയാനാകാത്തതിനാൽ പോസ്റ്റ്‌മോർട്ടം വൈകുകയായിരുന്നു. എന്നാല്‍ മൃതദേഹം പൂർണമായി അഴുകിയിട്ടില്ലെന്നും ചില ഭാഗങ്ങളിൽ മാത്രമാണ് പുഴുക്കളെ കണ്ടെത്തിയതെന്നും ബിഎംഒ വിശദീകരണം നല്‍കി. ചൊവ്വാഴ്ച പോസ്റ്റ്‌മോർട്ടം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് അഗർവാളിൽ നിന്ന് ബിഎംഒയുടെ ചുമതല പിൻവലിച്ചതായി ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ മംമ്ത തിമോരി അറിയിച്ചു.

Eng­lish Sum­ma­ry: Unclaimed body left to rot in non-func­tion­ing freez­er at mor­tu­ary for 3 days in MP’s Sagar
You may also like this video

Exit mobile version