Site iconSite icon Janayugom Online

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ: യശ്വന്ത് സിന്‍ഹ

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലവിലുള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ പണവും അധികാരവുമുപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെയും അവരുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളെയും വേട്ടയാടുകയാണെന്നും രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ സംയുക്ത സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ.
മഹാരാഷ്ട്രയിലെ സംഭവവികാസങ്ങള്‍ ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. ജനാധിപത്യവിരുദ്ധമായ നടപടികളാണ് അവിടെ ഉണ്ടാകുന്നത്. ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഗൂഢാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം എല്‍ഡിഎഫ് എംഎല്‍എമാരുടെ യോഗത്തില്‍ പറഞ്ഞു. സമവായത്തിലൂടെയാണ് ജനാധിപത്യം നടപ്പാവുക. എന്നാല്‍ സംഘര്‍ഷങ്ങളിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും സമൂഹത്തില്‍ വര്‍ഗീയവിദ്വേഷം കുത്തിനിറയ്ക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തിയ അദ്ദേഹം ഇന്നലെ നിയമസഭയിലെത്തി ഭരണ, പ്രതിപക്ഷ അംഗങ്ങളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ശങ്കരനാരായണൻ തമ്പി ഹാളിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി. മന്ത്രി കെ രാധാകൃഷ്ണൻ, സിപിഐ നിയമസഭാ കക്ഷി നേതാവ് ഇ ചന്ദ്രശേഖരൻ എന്നിവരും സംസാരിച്ചു. പ്രതിപക്ഷ അംഗങ്ങളെയും നേരിൽക്കണ്ട് വോട്ട് അഭ്യർത്ഥിച്ചു. യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അധ്യക്ഷനായി. 

സര്‍ക്കാരിന്റെ റബ്ബര്‍ സ്റ്റാമ്പ് ആയി പ്രവര്‍ത്തിക്കുന്നയാളെയല്ല, ഭരണഘടനയുടെ നിഷ്പക്ഷ സൂക്ഷിപ്പുകാരനായ ഒരു രാഷ്ട്രപതിയാണ് രാജ്യത്തിന് ആവശ്യമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനാ തത്വങ്ങളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള നടപടികളുണ്ടാകുമ്പോള്‍, ഭയരഹിതമായും സത്യസന്ധമായും നിലപാട് സ്വീകരിക്കാന്‍ രാഷ്ട്രപതിക്ക് സാധിക്കണം. ഭരണഘടനയുടെ സ്രഷ്ടാക്കള്‍ വിഭാവനം ചെയ്ത ഉന്നത മൂല്യങ്ങള്‍ക്ക് അനുസൃതമായ പ്രവര്‍ത്തനം രാഷ്ട്രപതിയെന്ന നിലയില്‍ കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

Eng­lish Summary:Undeclared state of emer­gency in the coun­try: Yash­want Sinha
You may also like this video

Exit mobile version