Site iconSite icon Janayugom Online

അണ്ടര്‍ 15 വനിതാ ഏകദിന ടൂര്‍ണ്ണമെന്റ്; കേരളത്തിന് ജയം

അണ്ടര്‍ 15 വനിതാ ഏകദിന ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് വിജയം. മുംബൈയെ എട്ട് വിക്കറ്റിനാണ് കേരളം തോല്‍പിച്ചത്. 35 ഓവര്‍ വീതമുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 119 റണ്‍സിന് ഓള്‍ ഔട്ടായി. രണ്ടാമതിറങ്ങിയ കേരളം 27.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. അഞ്ച് റണ്‍സെടുത്ത വേദിക നികാമിനെ ജൊഹീന ജിക്കുപാല്‍ റണ്ണൗട്ടാക്കുകയായിരുന്നു. തുടര്‍ന്ന് ക്യാപ്റ്റന്‍ റിയ ഥാക്കൂറും സൊനാക്ഷി സോളങ്കിയും ചേര്‍ന്ന് 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സൊനാക്ഷി 25ഉം റിയ 18ഉം റണ്‍സെടുത്തു. എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടെ മുംബൈയുടെ ബാറ്റിങ് തകര്‍ച്ചയ്ക്ക് തുടക്കമായി. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ വൈഗ അഖിലേഷും ഇവാന ഷാനിയും ചേര്‍ന്ന് മികച്ച തുടക്കം നല്കി. ഇരുവരും ചേര്‍ന്ന് 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇവാന 33 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയ ആര്യനന്ദയും വൈഗയും ചേര്‍ന്ന് കേരളത്തിന് അനായാസ വിജയം ഉറപ്പാക്കി. വിജയത്തിന് പത്ത് റണ്‍സകലെ 49 റണ്‍സെടുത്ത വൈഗ പുറത്തായി. ആര്യനന്ദ 34 റണ്‍സുമായി പുറത്താകാതെ നിന്നു. കേരളം 28ആം ഓവറില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. 

Exit mobile version