Site iconSite icon Janayugom Online

മോഡി ഭരണത്തില്‍ ഇന്ത്യ ഏകാധിപത്യത്തിലേക്ക് മാറുന്നു

നരേന്ദ്ര മോഡിയുടെ കീഴിലുള്ള ബിജെപി ഭരണത്തില്‍ ഇന്ത്യ ഏകാധിപത്യത്തിലേക്ക് മാറുന്നുവെന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ട്. എല്‍ സാല്‍വഡോര്‍, തുര്‍ക്കി, ഹംഗറി തുടങ്ങി ഏകാധിപത്യത്തിലേക്ക് നീങ്ങുന്ന 10 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ സ്ഥാനം പിടിച്ചു കഴിഞ്ഞുവെന്നും ആഗോള ഏജന്‍സിയായ വി-ഡെം (വെറൈറ്റീസ് ഓഫ് ഡെമോക്രസി) ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മോഡി ഭരണത്തില്‍ ജനാധിപത്യ രാജ്യമെന്ന പദവി ഇന്ത്യക്ക് നഷ്ടപ്പെടുന്നു എന്ന് കഴിഞ്ഞ വര്‍ഷം ഏജന്‍സി പുറത്തുവിട്ട റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യങ്ങളിലെ ജനാധിപത്യനില പരിശോധിക്കുന്ന സ്വീഡന്‍ ആസ്ഥാനമായ സ്വതന്ത്ര ഗവേഷക സ്ഥാപനം ഗോഥൻബർഗ് സർവകലാശാലയ്ക്കു കീഴിലാണ് പ്രവർത്തിക്കുന്നത്.

മോഡി അധികാരത്തില്‍ വന്ന 2014 മുതല്‍ ജനാധിപത്യ രാജ്യമെന്ന പദവി ഇന്ത്യക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ‘ഓട്ടോക്രാറ്റിസേഷന്‍ ചേഞ്ചിങ് നേചര്‍’ എന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 15 രാജ്യങ്ങളിൽ ജനാധിപത്യവൽക്കരണത്തിന്റെ പുതിയ തരംഗം കാണപ്പെടുമ്പോൾ 32 രാജ്യങ്ങൾ സ്വേച്ഛാധിപത്യത്തിന് കീഴിലാണ്.

കഴിഞ്ഞ ദശകത്തില്‍ ഏഷ്യ‑പസഫിക് മേഖലയിലെ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, കംബോഡിയ, ഹോങ്കോങ്, തായ്‌ലന്റ്, ഫിലിപ്പീൻസ് എന്നിവയ്‌ക്കൊപ്പം ഇന്ത്യയിലും ഏകാധിപത്യ പ്രവണത ഗുരുതരമായി. ബ്രസീല്‍, ഹംഗറി, ഇന്ത്യ, പോളണ്ട്, സെര്‍ബിയ, തുര്‍ക്കി എന്നിവിടങ്ങളില്‍ ബഹുസ്വര വിരുദ്ധപാര്‍ട്ടികള്‍ ഏകാധിപത്യ രീതിയിലുള്ള ഭരണമാണ് നടത്തിവരുന്നത്.

ഇവര്‍ക്ക് ജനാധിപത്യ പ്രക്രിയയോട് പ്രതിബദ്ധതയില്ല, ന്യൂനപക്ഷ മൗലികാവകാശങ്ങളെ അനാദരിക്കുന്നു, രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്തുന്നു, രാഷ്ട്രീയ അക്രമം അംഗീകരിക്കുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ സ്വേച്ഛാധിപത്യ അജണ്ടകൾ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ അധികാരം ഉപയോഗിക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ ലിബറൽ ജനാധിപത്യത്തിന്റെ നിലവാരം 2013‑ൽ 0.57 എന്ന ഉയർന്ന നിലയില്‍ ആയിരുന്നെങ്കില്‍ 2020 അവസാനത്തോടെ ഇത് കുത്തനെ ഇടിഞ്ഞ് 0.34 ആയെന്നും വി-ഡെം റിപ്പോര്‍ട്ടിലുണ്ട്.

eng­lish sum­ma­ry; Under Mod­i’s rule, India is turn­ing into a dictatorship

you may also like this video;

Exit mobile version