Site iconSite icon Janayugom Online

മോഡി ഭരണത്തിൽ രാജ്യദ്രോഹ കേസുകൾ കുത്തനെ കൂടി

ന്യൂഡൽഹി: 2014 ൽ കേന്ദ്രത്തിൽ മോഡി സർക്കാർ അധികാരമേറ്റ ശേഷം രാജ്യദ്രോഹ കേസുകൾ കുത്തനെ കൂടിയതായി റിപ്പോർട്ട്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി സർക്കാരുകളെ വിമർശിക്കുന്ന പ്രതിഷേധങ്ങളോ പരിപാടികളോ നടക്കുമ്പോൾ രാജ്യദ്രോഹ കേസുകളുടെ വർധനയുണ്ടാകുന്നുവെന്നാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. 

രാജ്യത്താകെ 2010 മുതൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടത് 10,938 പേർക്കെതിരെയാണ്. ഇതിൽ 65 ശതമാനവും ബിജെപി ഭരണത്തിന്‍ കീഴിലാണ്. സംസ്ഥാനം തിരിച്ചുള്ള കണക്കുകളിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് രാജ്യദ്രോഹ കുറ്റം ദുരുപയോഗം ചെയ്യുന്നതിൽ മുന്നിൽ. 2014 മുതൽ രാജ്യദ്രോഹ കേസുകളിൽ അതിവേഗം വർധനയുണ്ടായതായി 2019 ലെ ആഭ്യന്തര മന്ത്രാലയ രേഖകളും 2020 ലെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയും വെളിപ്പെടുത്തിയതായി ദ വയർ റിപ്പോർട്ട് ചെയ്യുന്നു.
പ്രതിപക്ഷ പാർട്ടി നേതാക്കൾ, വിദ്യാർത്ഥികൾ, പത്രപ്രവർത്തകർ, എഴുത്തുകാർ, അക്കാദമിക് വിദഗ്ധർ തുടങ്ങിയവരെയാണ് പലപ്പോഴും ഈ കേസുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2010–14 കാലത്തെ യുപിഎ ഭരണത്തിന്റെ ഭരണകാലത്തെ വാർഷിക ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ, 2014നും 2020നും ഇടയിൽ രാജ്യദ്രോഹ കേസുകളിൽ പ്രതിവർഷം 28 ശതമാനം വർധനയുണ്ടായി.
2010–20 കാലയളവിൽ ഏറ്റവും കൂടുതൽ രാജ്യദ്രോഹ കേസുകളുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നാലും ബിജെപി അധികാരത്തിലുള്ളവയാണ്. ബിഹാർ 168, തമിഴ്‍നാട് 139, യുപി 115, ഝാർഖണ്ഡ് 62, കർണാടക 50 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. ഇതിൽ തമിഴ്‍നാട് മാത്രമാണ് ബിജെപി ഇതര സംസ്ഥാനം. അവിടെയാകട്ടെ 80 ശതമാനം കേസുകളും കൂടംകുളം ആണവനിലയത്തെ എതിർത്തവർക്കെതിരെ ചുമത്തിയതാണ്. 

യുപിയിൽ 2010 മുതൽ രജിസ്റ്റർ ചെയ്ത 115 രാജ്യദ്രോഹ കേസുകളിൽ 77 ശതമാനവും ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷമുള്ളതാണ്. സിഎഎ വിരുദ്ധ പ്രക്ഷോഭകർക്കെതിരെയും ഹത്രാസ് കൂട്ടബലാത്സംഗക്കേസ് ചോദ്യം ചെയ്തവർക്കെതിരെയും യുപി സർക്കാർ യഥാക്രമം 28, 22 കേസുകൾ രജിസ്റ്റർ ചെയ്തു. ആദിത്യനാഥും മോഡിയും ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ വിമർശിച്ചതിന് 18 രാജ്യദ്രോഹ കേസുകളാണ് രജിസ്റ്റർ ചെയ്തത്. മോഡി അധികാരത്തിൽ വരുന്നതിന് മുമ്പും ശേഷവും ബിഹാറിൽ ഫയൽ ചെയ്ത കേസുകളുടെ സ്വഭാവത്തിൽ കാര്യമായ വ്യത്യാസമുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.രാജ്യത്ത് രാഷ്ട്രീയക്കാരെയും സർക്കാരുകളെയും വിമർശിച്ചതിന് രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട 405 കേസുകളിൽ 95 ശതമാനവും 2014 ന് ശേഷമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിൽ 149 പേർ മോഡിക്കെതിരെയും 144 പേർ ആദിത്യനാഥിനെതിരെയും വിമർശനമുന്നയിച്ചവരാണ്. 2014–19 കാലയളവിൽ 326 രാജ്യദ്രോഹ കേസുകൾ ഫയൽ ചെയ്തതിൽ 141 എണ്ണത്തിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്. ആറ് പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. അസം 54, ഹരിയാന 31, കേരളം 25, ജമ്മു കശ്മീർ 25 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
eng­lish sum­ma­ry; Under Mod­i’s rule, trea­son cas­es increased sharply
You may also like this video;

Exit mobile version