Site icon Janayugom Online

എന്‍സിബി സംശയനിഴലില്‍, സമീര്‍ വാങ്കഡെ ബോളിവുഡ് താരങ്ങളില്‍ നിന്നും പണം തട്ടി

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസ് കീഴ്മേല്‍ മറിയുന്നു. കോഴവിവാദം ഉയര്‍ന്നതോടെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടപടികളാകെ സംശയനിഴലിലായി.

കേസില്‍ ആര്യന്‍ ഖാനെ രക്ഷപ്പെടുത്താന്‍ ഷാരൂഖ് ഖാനില്‍ നിന്നും 18 കോടി രൂപ വാങ്ങാന്‍ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ നീക്കം നടത്തിയെന്ന് സാക്ഷി തന്നെ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ബിജെപി ഏജന്റുമാര്‍ ഇടപെട്ടെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. റെയ്ഡും കേസും എന്‍സിബി പണം തട്ടുന്നതിനായി ആസൂത്രണം ചെയ്തുവെന്നാണ് ആരോപണം ഉയരുന്നത്.

ആര്യന്‍ ഖാനെ എന്‍സിബി ഓഫീസില്‍ ചോദ്യംചെയ്യുന്നതിനിടെ വിവാദ സ്വകാര്യ കുറ്റാന്വേഷകന്‍ കിരണ്‍ ഗോസാവി എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് ഒപ്പം നില്‍ക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ ഇന്നലെ പുറത്തുവന്നു. ബിജെപി നേതാവായ മനീഷ് ഭാനുശാലിയും ചിത്രത്തില്‍ ഇവര്‍ക്കൊപ്പമുണ്ട്.

ഭാനുശാലി ഇന്‍ഫോര്‍മറും ഗോസാവി പ്രധാനസാക്ഷിയുമാണെന്ന് എന്‍സിബി പറയുമ്പോള്‍ ഇവര്‍ക്കെന്താണ് ചോദ്യംചെയ്യലില്‍ കാര്യമെന്ന വസ്തുത ദുരൂഹതയായി അവശേഷിക്കുന്നു. ഒക്ടോബര്‍ മൂന്നിന് കപ്പലിലെ റെയ്ഡിന് തൊട്ടുമുമ്പ് ആര്യന്‍ ഖാനെയും മറ്റുള്ളവരെയും തിരിച്ചറിയണമെന്ന് കാട്ടി ചിത്രങ്ങളടക്കം ഗോസാവി സയിലിന് അയച്ചതിന്റെ വാട്ട്സ് ആപ്പ് ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്. ലഹരിമരുന്ന് കേസില്‍ ഒക്ടോബര്‍ എട്ടുമുതല്‍ ആര്യന്‍ ഖാന്‍ ജയിലിലാണ്. ആര്യന്‍ ഖാനില്‍ നിന്നും ലഹരി പിടികൂടിയതായി എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും ആര്യനെയാണ് കേസിലെ ഒന്നാം പ്രതിയാക്കിയിട്ടുള്ളത്.

ഗോസാവിയുടെ അംഗരക്ഷകനായ പ്രഭാകർ സയിലാണ് സത്യവാങ്മൂലത്തിലൂടെ കോഴ വാങ്ങാനുള്ള നീക്കത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. എട്ട് കോടി സമീര്‍ വാങ്കഡെയ്ക്ക് നല്‍കണമെന്ന് ഗോസാവി മറ്റൊരാളുമായി സംസാരിക്കുന്നത് കേട്ടുവെന്നാണ് മൊഴി. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് എന്‍സിബി എന്‍ഡിപിഎസ് പ്രത്യേക കോടതിയെ അറിയിച്ചു. എന്നാല്‍ സത്യവാങ്മൂലം അടിസ്ഥാനമാക്കിയുള്ള കോടതി നടപടികള്‍ തടയണമെന്ന എന്‍സിബിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

സമീര്‍ വാങ്കഡെ ബോളിവുഡ് താരങ്ങളില്‍ നിന്നും പണം തട്ടി

മുംബൈ: ലഹരിക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ബോളിവുഡ് താരങ്ങളില്‍ നിന്ന് എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പണം തട്ടിയെന്ന് ആരോപണം. പേര് വെളിപ്പെടുത്താത്ത എന്‍സിബി ഉദ്യോഗസ്ഥന്റെ കത്തിനെ അടിസ്ഥാനപ്പെടുത്തി മഹാരാഷ്ട്ര മന്ത്രി നവാബ് മാലികാണ് ആരോപണം ഉന്നയിച്ചത്.

പണത്തിന്റെ ഒരു പങ്ക് എൻസിബി ഡിജിയുടെ അധിക ചുമതല വഹിച്ചിരുന്ന രാകേഷ് അസ്താനയ്ക്ക് നല്‍കിയെന്നും കത്തില്‍ പറയുന്നു. നിലവില്‍ ഡല്‍ഹി പൊലീസ് കമ്മിഷണറാണ് രാകേഷ് അസ്താന.

നിരവധി നിരപരാധികളെ വാങ്കഡെ ലഹരി കേസുകളില്‍ കുടുക്കി. ഇത്തരം 26 കേസുകള്‍ കത്തില്‍ പറയുന്നു. തന്റെ മകളുടേതടക്കം ഫോണുകള്‍ എന്‍സിബി ചോര്‍ത്തിയിരുന്നതായും മാലിക് ആരോപിച്ചു.

Eng­lish Sum­ma­ry: Under NCB sus­pi­cion, Sameer Wankhede extort­ed mon­ey from Bol­ly­wood stars

You may like this video also

Exit mobile version