Site iconSite icon Janayugom Online

‘ഇരട്ട എന്‍ജിന്‍ യുപി’യില്‍ തൊഴിലില്ലായ്മയും കുതിച്ചുയര്‍ന്നു

upup

എല്ലാ രംഗത്തും കുതിച്ചു കയറ്റം നടത്തിയ ഇരട്ട എന്‍ജിനുള്ള സര്‍ക്കാരാണ് ഉത്തര്‍പ്രദേശ് ഭരിക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രശംസ പൊളിച്ചടുക്കി തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നുവെന്ന കണക്കുകള്‍ പുറത്തുവന്നു. കോവിഡ് കാലത്ത് ആരോഗ്യ വകുപ്പില്‍ നിയോഗിച്ച 43 ജീവനക്കാരെ പിരിച്ചുവിട്ടുവെന്നാണ് യുപിയില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായിരിക്കെയാണ് പിരിച്ചുവിടല്‍.

സുതാര്യമായ നിയമന രീതിയിലൂടെ തന്റെ നാലര വര്‍ഷത്തെ ഭരണത്തിനിടെ നാലര ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയെന്നായിരുന്നു മുഖ്യമന്ത്രി ആദിത്യനാഥ് നവംബറില്‍ പൊതുപരിപാടിയില്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ തൊഴിലില്ലായ്മ ഇരട്ടിയോളമായി ഉയര്‍ന്നുവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.

ആദിത്യനാഥ് മുഖ്യമന്ത്രിയാകുന്ന വേളയില്‍ 25–29 വയസിനിടയിലുള്ളവരുടെ തൊഴിലില്ലായ്മാ നിരക്ക് 8.8 ശതമാനം ആയിരുന്നത് ഇപ്പോള്‍ 15.9 ശതമാനമായി. 20- 24 പ്രായക്കാരുടെ ഇടയിലെ തൊഴിലില്ലായ്മ 23.1 ശതമാനത്തില്‍ നിന്ന് 31.5 ശതമാനമായാണ് ഉയര്‍ന്നത്. സ്ത്രീ ശാക്തീകരണത്തെ കുറിച്ചുള്ള വാദങ്ങളും പൊള്ളയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തൊഴില്‍ വേണമെന്ന് ആഗ്രഹിക്കുന്ന വനിതകളുടെ എണ്ണം 2018ല്‍ 32 ശതമാനത്തില്‍ നിന്ന് കോവിഡ് രണ്ടാം തരംഗം ഉണ്ടായ 2020 അവസാനം 71 ശതമാനമായെന്നും 2021 പകുതിയോടെ അത് 48 ശതമാനമാണെന്നും സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയുടെ രേഖകള്‍ വ്യക്തമാക്കുന്നുവെന്ന് ന്യൂസ് ക്ലിക്ക് പോര്‍ട്ടല്‍ വിശദീകരിക്കുന്നു.

Eng­lish Summary:Unemployment also soared in ‘twin engine UP’

You may like this video also

Exit mobile version