Site iconSite icon Janayugom Online

മോഡി ഭരണത്തിൽ തൊഴിലില്ലായ്മ പെരുകി: കെ പ്രകാശ്ബാബു

ഫോട്ടോ: എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച എറണാകുളം ആലപ്പുഴ ജില്ലകളുടെ മേഖലാ റിപ്പോർട്ടിംഗ് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു

രാജ്യത്തിന്റെ സമ്പദ്ഘടനയിൽ ജിഡിപി വളർച്ച ഉണ്ടാകുന്നില്ലെന്നും പകരം മോഡി ഭരണത്തിൽ തൊഴിൽരഹിത സാമ്പത്തികവളർച്ച ഉണ്ടാക്കാനുമുള്ള നയങ്ങൾ മൂലം തൊഴിൽ രഹിതരുടെ എണ്ണം ഏറ്റവും കൂടുതലായി പെരുകിയെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം കെ പ്രകാശ് ബാബു. സിപിഐ എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രധാന പ്രവർത്തകർക്കായി പാർട്ടി കോൺഗ്രസ് റിപ്പോർട്ടിങ് നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുടെ സംഭാവനയായ നിർമ്മിതബുദ്ധിയെ മുതലാളിത്തം തൊഴിലാളി വർഗത്തെ പാർശ്വവത്കരിക്കുന്നതിനും സമ്പദ് സ്വരുക്കൂട്ടുന്നതിനായി ദുരുപയോഗിക്കുകയുമാണ്. ഇത് തടയാൻ ജനാധിപത്യപരമായ നിയന്ത്രണങ്ങൾ കൊണ്ടുവരണം. സമൂഹത്തിന്റെ പൊതുനന്മക്ക് വേണ്ടി നിർമ്മിതബുദ്ധിയെ പൊതുഉടമസ്ഥതയിൽ കൊണ്ടുവരണമെന്നുമാണ് സിപിഐ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നക്സൽ മുക്ത ഭാരതം എന്ന പ്രഖ്യാപനം മറയാക്കി മാവോയിസ്റ്റുകളെയും നക്സലുകളെയും വേട്ടയാടുവാനും ആദിവാസികളെ കുടിയൊഴിപ്പിച്ച് വനമേഖലയിൽ ഖനനം നടത്താൻ കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കുവാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ടൗൺ ഹാളിൽ നടന്ന റിപ്പോർട്ടിങ്ങിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ടി ജെ ആഞ്ചലോസ് സ്വാഗതവും കെ എം ദിനകരൻ നന്ദിയും പറഞ്ഞു. സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ പി പ്രസാദ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി ടി ജിസ്‌മോൻ, ആലപ്പുഴ ജില്ലാ സെക്രട്ടറി എസ് സോളമൻ, അസി സെക്രട്ടറിമാരായ പി വി സത്യനേശൻ, സി എ അരുൺകുമാർ എന്നിവരും സന്നിഹിതരായി
.….

Exit mobile version