Site iconSite icon Janayugom Online

ഒഴിവുകള്‍ നികത്താതെ കിടക്കുമ്പോഴും തൊഴിലില്ലായ്മ വര്‍ധിക്കുന്നു

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഇപ്പോള്‍ ദൃശ്യമാകുന്ന ഏറ്റവും വലിയ വൈരുധ്യമായി രൂപമെടുത്തിരിക്കുന്നത് തൊഴിലവസരങ്ങള്‍ വേണ്ടത്ര ഉള്ളപ്പോള്‍ തന്നെ തൊഴിലില്ലായ്മയും ഗുരുതരമായി നിലനില്ക്കുന്നു എന്നതാണ്. ഏതാനും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അവിടത്തെ ഭരണകൂടങ്ങള്‍ക്ക് ഇത്തരമൊരു പ്രതിഭാസം നിലവിലുള്ളതായി കാണാനും ബോധ്യപ്പെടാനും കഴിഞ്ഞിരുന്നു. ഉദാഹരണത്തിന് 2021 ഡിസംബര്‍ അവസാന വാരത്തിലാണെന്നു തോന്നുന്നു. മധ്യപ്രദേശ് സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസുകളില്‍ പ്യൂണ്‍, തോട്ടക്കാരന്‍‍, ഡ്രൈവര്‍, സ്വീപ്പര്‍ എന്നീ ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്കുള്ള 15 ഒഴിവുകള്‍ക്കുള്ള പരസ്യം നല്കിയിരുന്നു. ഗ്വാളിയോര്‍ ജില്ലാ കോടതിയിലായിരുന്നു ഈ ഒഴിവുകള്‍. മൊത്തം 11,000 അപേക്ഷകരുണ്ടായിരുന്നു. ഡ്രൈവര്‍ തസ്തികയിലേക്ക് മിനിമം വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസോ പത്താം ക്ലാസോ പാസായിരിക്കണമെന്നായിരുന്നു. എന്നാല്‍ അപേക്ഷിച്ചവരില്‍ ഡിഗ്രി ബിരുദമെടുത്തവരും ബിരുദാനന്തര ബിരുദമെടുത്തവരും ഉള്‍പ്പെട്ടിരുന്നു എന്നു മാത്രമല്ല, ഇതേ ജില്ലാ കോടതിയിലേക്കുള്ള സിവില്‍ ജഡ്ജിമാരുടെ നിയമനത്തിനായുള്ള ബിരുദത്തിനായി പഠനം നടത്തി വന്നിരുന്നവരുമുണ്ടായിരുന്നുവത്രെ. ഇത് ഒറ്റപ്പെട്ടൊരു അനുഭവമായിരുന്നില്ല. കേരള സംസ്ഥാനത്ത് നിരവധി വര്‍ഷങ്ങളായി, 1960 കള്‍ മുതല്‍ തന്നെ അനുഭവപ്പെട്ടുവരുന്നൊരു പ്രതിഭാസമാണിത്. ഇന്നും ഇത് തുടര്‍ന്നുവരികയുമാണ്. ഈ ലേഖകന്‍ തന്നെ 1961ല്‍ കോളജ് അധ്യാപക തസ്തികയിലേക്കുള്ള അപേക്ഷ നിലവിലുള്ളപ്പോള്‍ തന്നെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ എല്‍ഡി ക്ലാര്‍ക്കായി സേവനം തുടങ്ങിയിരുന്നു. അക്കാലത്ത് കോളജുകള്‍ വളരെ കുറവുമായിരുന്നു. കുറച്ചുനാള്‍ മുമ്പ് യുപി സര്‍ക്കാരിനുണ്ടായ അനുഭവവും മധ്യപ്രദേശ് സര്‍ക്കാരിന്റേതിനു സമാനമായിരുന്നു. ഓഫീസില്‍ ശിപായിമാരുടെ 62 തസ്തികകളിലേക്ക് 90,000 അപേക്ഷകരാണത്രെ യുപിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 3,500 പേര്‍ക്ക് ഡോക്ടറേറ്റ് ബിരുദങ്ങളും മറ്റനേകം പേര്‍ക്ക് ബിരുദാനന്തര ബിരുദങ്ങളുമുണ്ടായിരുന്നു. ഈ തസ്തികകളിലേക്കുള്ള നിയമനത്തിനായി നിജപ്പെടുത്തിയിരുന്ന അടിസ്ഥാന യോഗ്യതയോ? അഞ്ചാം ക്ലാസ് പാസ് മാത്രവും. മഹാരാഷ്ട്രയില്‍ 290 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ 2.5 ലക്ഷം പേരുടെ അപേക്ഷകളാണ് കിട്ടിയത്. ഇതില്‍ ഉള്‍പ്പെട്ടിരുന്ന ഒരാള്‍ എഴുത്തു പരീക്ഷ പാസായി ഇന്റര്‍വ്യുവിനായി കാത്തുനില്ക്കുന്നതിനിടെ ആത്മഹത്യ ചെയ്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ജോലി കിട്ടുന്നതില്‍ തോന്നിയ സംശയമായിരിക്കാം ആത്മഹത്യക്കിടയാക്കിയത്. ഇതെല്ലാം പാന്‍ഡെമിക്കിനു മുമ്പു നടന്ന സംഭവങ്ങളാണ്. അക്കാലത്ത് നിലവിലുണ്ടായിരുന്ന നിരവധി ഒഴിവുകള്‍ക്കു പുറമെ, പാന്‍ഡെമിക് അനന്തരകാലയളവിലും പുതിയ തസ്തികകളില്‍ ഒഴിവുണ്ടായിട്ടുണ്ട്. എന്നാല്‍ അവയൊന്നും അനക്കമില്ലാതെ തുടരുകയാണിപ്പോഴും. പുതിയ ഒഴിവുകള്‍ ഏതൊരു സര്‍ക്കാര്‍ ഓഫീസിലും ഓരോ വര്‍ഷവും സ്വാഭാവികമായുണ്ടാവാതിരിക്കില്ല. റിട്ടയര്‍മെന്റ് ഒഴിവുകള്‍ക്കുപുറമെ പുതിയ ഒഴിവുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാരും നിരവധി സംസ്ഥാന സര്‍ക്കാരുകളും സേവന മേഖലകളില്‍ സ്ഥിരനിയമനം നടത്തുന്നതില്‍ താല്പര്യമെടുക്കുന്നില്ല. പകരം താല്ക്കാലിക നിയമനങ്ങള്‍ക്കാണ് അവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇതിനുള്ള കാരണങ്ങള്‍ പലതുമാകാം. ഇതില്‍ പ്രധാനപ്പെട്ടവ രണ്ടാണ്. ഒന്ന്, സ്ഥിരം സാമ്പത്തിക ബാധ്യത, പിഎഫ് പെന്‍ഷന്‍ തുടങ്ങിയവ ഒഴിവാക്കുക. രണ്ട്, സ്വന്തക്കാരെ യഥേഷ്ടം നിയമിക്കുക, താല്ക്കാലിക ജീവനക്കാരായി നിയമനം നേടുന്നവരെ ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം സ്ഥിരപ്പെടുത്തുകയും ചെയ്യാമല്ലോ. ഇത്തരം താല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരിക്കും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലും വിവിധ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലുമുള്ള വാര്‍ഷികാടിസ്ഥാനത്തിലുണ്ടാകുന്ന ഒഴിവുകള്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ പാര്‍ലമെന്റിലോ സംസ്ഥാന നിയമസഭകളിലോ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത്. 2021 ജൂലൈ മാസത്തില്‍ കേന്ദ്ര മോഡിസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചത് റയില്‍‍വേയിലെ 2.79 ലക്ഷം തസ്തികകളടക്കം, മൊത്തം കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളില്‍ 8.72 ലക്ഷം ഒഴിവുകള്‍ നികത്താതെ കിടക്കുന്നുണ്ടെന്നാണ്. സംസ്ഥാന സര്‍ക്കാരുകളുടെ റെക്കോര്‍ഡും ഈ വിഷയത്തില്‍ ഭിന്നമല്ല. ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളും ഡോക്ടറേറ്റ് നേടിയവരും ശിപായിമാരുടേതു മുതല്‍ തോട്ടക്കാരുടെയും തൂപ്പുകാരുടേയും ഡ്രൈവര്‍മാരുടേയും തസ്തികകള്‍ക്കായി അപേക്ഷിക്കുമ്പോള്‍ സ്കൂളുകളിലും കോളജുകളിലും സര്‍വകലാശാലകളിലും നിരവധി ഒഴിവുകള്‍ നികത്താതെ കിടക്കുന്നത് ഈ പശ്ചാത്തലത്തില്‍ വേണം നിരീക്ഷിക്കാനും വിലയിരുത്താനും. എന്തിനേറെ പറയുന്നു, നിയമസമാധാനപാലനത്തിനായി ഒഴിച്ചുകൂടാനാവാത്ത പൊലീസ് സേനയിലും നിരവധി സംസ്ഥാനങ്ങളില്‍ നിലവിലുള്ള സ്ഥിരം തസ്തികകള്‍ 26.32 ലക്ഷം വരുമത്രെ!


ഇതുകൂടി വായിക്കാം; കേരളവികസനവും കേന്ദ്ര സമീപനവും


യഥാര്‍ത്ഥത്തിലുള്ള സേനയുടെ ശക്തി ഇപ്പോള്‍ 20.91 ലക്ഷം മാത്രമാണ്. അതായത്, ആവശ്യമുള്ളതിലും 5.32 ലക്ഷം കുറവ്. ഗ്രാമീണ മേഖലയില്‍ അവശ്യം ലഭ്യമായിരിക്കേണ്ട സേവനങ്ങളിലും നിരവധി ഒഴിവുകള്‍ തിട്ടപ്പെടാതെ അവശേഷിക്കുന്നുണ്ട്. യുപി 1.11 ലക്ഷം, പശ്ചിമബംഗാള്‍ 55,000, ബിഹാര്‍ 47,000 എന്നിങ്ങനെയാണ് പൊലീസ് സേനയിലെ ഒഴിവുകളുടെ കണക്ക്. ഇന്ത്യന്‍ ഗ്രാമീണ മേഖലയുടെ കാര്യമെടുക്കുക. പാന്‍ഡെമിക്ക് ഒന്നും രണ്ടും തരംഗങ്ങള്‍ക്കുശേഷം ഡെല്‍റ്റാ, ഒമിക്രോണ്‍ തുടങ്ങിയവയുടേതായ മൂന്നാം തരംഗത്തിലെത്തിയിരിക്കുന്ന സാഹചര്യത്തില്‍ പൊതുഫണ്ടിന്റെ സഹായത്തോടെയുള്ള ആരോഗ്യ സുരക്ഷാ സംവിധാനത്തിന്റെ അഭാവംമൂലമോ, അപര്യാപ്തതയുടെ ഫലമായോ, രോഗവ്യാപനം അതിവേഗം നടന്നുവരുകയാണ്. എന്നിട്ടും വേണ്ടത്ര ആന്തരഘടനാ സൗകര്യങ്ങളോ സജ്ജീകരണങ്ങളോ ഇല്ലെന്നതിനു പുറമെ ഡോക്ടര്‍മാരുടേയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും അപര്യാപ്തതയും ഗുരുതരാവസ്ഥയിലാണ്. എത്രതന്നെ ആധുനിക ഹെല്‍ത്ത് കെയര്‍ സംവിധാനമുണ്ടെങ്കിലും അതു വിനിയോഗിക്കാന്‍ ജീവനക്കാര്‍ ആവശ്യമല്ലേ? 2021 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചത് മൊത്തം 47,000 ക്രിട്ടിക്കല്‍ കെയര്‍ സേവനങ്ങള്‍ക്ക് ആവശ്യമുള്ള ജീവനക്കാരുടെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നതെന്നാണ്. നമ്മുടെ ഗ്രാമീണ പ്രൈമറി ആരോഗ്യ കേന്ദ്രങ്ങളില്‍ തന്നെ 24,000 ഡോക്ടര്‍മാരുടേയും 10,000 സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെയും ഒഴിവുകള്‍ നികത്താതെകിടക്കുന്നുണ്ടെന്നാണ്. ബിരുദധാരികളായ ഡോക്ടര്‍മാരുടേയോ പരിശീലനം സിദ്ധിച്ച പാരാമെഡിക്കല്‍ സ്റ്റാഫിന്റെയോ അഭാവമല്ല, പ്രശ്നം അവരെ നിയമിക്കുന്നില്ലെന്നതാണ്. “ദി ന്യു ഇന്ത്യന്‍ എക്സ്പ്രസ്” ദിനപ്പത്രത്തിലെ കോളമിസ്റ്റായ ശങ്കര്‍ അയ്യരുടെ “ദി ഗ്രേറ്റ് റിപ്പബ്ലിക്” എന്ന വിഖ്യാതഗ്രന്ഥത്തില്‍ കൃത്യമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത് ഇന്ത്യയിലെ കേന്ദ്ര‑സംസ്ഥാന ഭരണകൂടങ്ങള്‍ സമ്പദ്‌വ്യവസ്ഥയുടെ സമഗ്രവും സ്ഥായിയായതുമായ വികസനത്തിന് അനിവാര്യമായ വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ എന്നീ മേഖലകളില്‍ നിര്‍ണായകമായ തോതില്‍ നിക്ഷേപം നടത്താതിരുന്നതാണ് നിലവിലുള്ള ഗുരുതരമായ വികസന പ്രതിസന്ധിക്കുള്ള അടിസ്ഥാന കാരണമെന്നാണ്. സംസ്ഥാന സര്‍ക്കാരുകളെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥ പ്രശ്നം വരുമാനക്കുറവിന്റേതാണ്. സ്ഥിരനിയമനം നല്കുന്നവരുടെ സാമ്പത്തിക ഭാരം ലഭ്യമാകുന്ന റവന്യു വരുമാനത്തിലൂടെ നിര്‍വഹിക്കാന്‍ കഴിയുന്നില്ല. പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടാനും കഴിയാത്ത അവസ്ഥയാണ്. മാത്രമല്ല, നിരവധി സംസ്ഥാന ബജറ്റുകള്‍ ശരിയായ മുന്‍ഗണനാക്രമം കണക്കിലെടുത്തല്ല ബജറ്റുകള്‍ തയാറാക്കുന്നതും വരുമാന വിഹിതം പങ്കിടുന്നതും. സ്വാഭാവികമായും ഈ നയസമീപനത്തിന്റെ ആഘാതം വന്ന് വീഴുക മനുഷ്യവിഭവ ശേഷി വിനിയോഗത്തിനുമേല്‍ ആയിരിക്കുകയും ചെയ്യും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മാനുഷിക ആന്തരഘടനാ പദ്ധതികള്‍ക്കായി ബജറ്റ് വിഹിതത്തിന്റെ നാമമാത്രമായൊരു ഭാഗം മാത്രമാണ് വകയിരുത്തപ്പെടുന്നത്. ആരോഗ്യകരമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് അനിവാര്യമായ സമവാക്യം എന്താണെന്നോ? ഉപഭോഗം അധികം സര്‍ക്കാര്‍ ചെലവ് അധികം മൂലധന നിക്ഷേപം അധികം അറ്റകയറ്റുമതി വരുമാനം എന്നീ ഘടകങ്ങള്‍ ചേര്‍ന്നതാണ് വളര്‍ച്ച എന്ന പ്രതിഭാസം. ഉപഭോഗം വേണമെങ്കില്‍ വരുമാനം അനിവാര്യമാണ്. ഈ വരുമാനം നിലവിലുള്ളതോ, പുതുതായി സൃഷ്ടിക്കപ്പെടുന്നതോ ആയ സ്രോതസുകളില്‍ നിന്നും ഉത്ഭവിക്കാം. സാധാരണ നിലയില്‍ സര്‍ക്കാരുകള്‍ എളുപ്പമാര്‍ഗമെന്ന നിലയില്‍ സ്വീകരിക്കുന്നത് അപ്പപ്പോള്‍ ലഭ്യമാകുന്ന വരുമാനം വിവിധ ചെലവുകള്‍ക്കായി വീതം വയ്ക്കുന്നതാണ്. പുതിയ സ്രോതസുകള്‍ തേടിപ്പോകുന്ന ശ്രമകരമായ പണി ഏറ്റെടുക്കാന്‍ കൂട്ടാക്കുന്നില്ല. ഇതാണ് മുഖ്യമായും പൊതുചെലവില്‍ അപര്യാപ്തതയുണ്ടാകുന്നതിലേക്ക് നയിക്കുന്നത്. അതേ അവസരത്തില്‍ സ്വകാര്യ നിക്ഷേപം കടന്നുവരുന്നുമില്ല. കാരണം, അവര്‍ക്ക് ലക്ഷ്യം ലാഭം പരമാവധി നേടുക എന്നതാണല്ലോ. ലാഭ പ്രതീക്ഷയുണ്ടെങ്കില്‍ സ്വകാര്യ നിക്ഷേപകര്‍ രംഗത്തുവരും. ഈ പ്രതീക്ഷ ഉറപ്പാക്കാന്‍ പല സംസ്ഥാനങ്ങള്‍ക്കും കഴിയുന്നുമില്ല. ഇത്തരമൊരു സാഹചര്യം നിലവില്‍ വരണമെങ്കില്‍ നിലവിലുള്ള നിയമങ്ങളിലും നിയന്ത്രണങ്ങളിലും കാലോചിതമായ മാറ്റങ്ങള്‍ കൂടിയേ തീരൂ. ഈ നയംമാറ്റത്തിന് പല സംസ്ഥാന സര്‍ക്കാരുകള്‍ക്കും കഴിയുന്നുമില്ല. സ്വാഭാവികമായും തൊഴിലന്വേഷികളുടെ എണ്ണം അടിക്കടി വര്‍ധിച്ചുവരുമ്പോള്‍ തന്നെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പൊതുനിക്ഷേപങ്ങളുടെ അഭാവമോ അപര്യാപ്തതയോ മൂലം സര്‍ക്കാരുകള്‍ പരാജയപ്പെടുകയാണ്. ഇത്തരമൊരു പശ്ചാത്തലത്തില്‍ നികത്താതെ കിടക്കുന്ന ഒഴിവുകളുടെ എണ്ണം ഒരു വശത്ത് ഉയര്‍ന്നുവരുമ്പോള്‍ തന്നെ തൊഴില്‍ രഹിതരുടെ എണ്ണം മറുവശത്ത് ഗുരുതരമായൊരു പ്രതിഭാസമായി തുടരുകയും ചെയ്യുന്നു. ഇതാണ് ഇന്നത്തെ കാലഘട്ടത്തില്‍ നമ്മുടെ രാജ്യവും സമ്പദ്‌വ്യവസ്ഥയും അഭിമുഖീകരിക്കുന്ന വൈരുധ്യം.

Exit mobile version