ബ്രിട്ടനിൽ കുടിയേറ്റ വിരുദ്ധരുടെ പ്രതിഷേധം ശക്തമാവുന്നു. തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റായ ടോമി റോബിൻസൺ നയിച്ച റാലിയിൽ സെൻട്രൽ ലണ്ടനിൽ ലക്ഷക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്. മെട്രോപൊളിറ്റൻ പോലീസിൻ്റെ കണക്കനുസരിച്ച് 1,10,000 മുതൽ 1,50,000 വരെ ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. യുകെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വലതുപക്ഷ പ്രകടനങ്ങളിലൊന്നാണ് ഇത്.
പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം നടത്തിയ 25 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതിഷേധക്കാർ പൊലീസിന് നേരെ കുപ്പികളും, ജ്വാലകളും, മറ്റ് വസ്തുക്കളും വലിച്ചെറിഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി 1000ത്തോളം ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിരുന്നു.
‘യുണൈറ്റ് ദി കിംഗ്ഡം’ എന്ന് പേരിട്ട ഈ പ്രതിഷേധ മാർച്ചിനെ അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ ആഘോഷമെന്നാണ് ടോമി റോബിൻസൺ വിശേഷിപ്പിച്ചത്. അതേസമയം, കുടിയേറ്റ വിരുദ്ധ റാലിക്ക് സമാന്തരമായി ‘സ്റ്റാൻഡ് അപ്പ് ടു റേസിസം’ സംഘടിപ്പിച്ച ‘മാർച്ച് എഗെയ്ൻസ്റ്റ് ഫാസിസം’ എന്ന പ്രതിഷേധ പ്രകടനത്തിലും 5,000ത്തോളം ആളുകൾ പങ്കെടുത്തു.

