Site icon Janayugom Online

ഏകീകൃത സിവില്‍ കോഡ് ബില്‍; വര്‍ഷകാല സമ്മേളനത്തില്‍ നീക്കങ്ങള്‍ തകൃതി

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഉറച്ച്, നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും 2024 ലെ ലോക‌്സഭാ തെരഞ്ഞെടുപ്പും ലക്ഷ്യമാക്കി പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ബില്ലിന്റെ തയ്യാറെടുപ്പിനായി പാര്‍ലമെന്ററി നിയമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചേരും. ഉത്തരാഖണ്ഡ് സമിതിയുടെ റിപ്പോര്‍ട്ടും ആധാരമാക്കും.
അടുത്ത മാസമാണ് മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുക. അതിന് ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടാനാണ് സാധ്യത. പിന്നീട് കൂടുതല്‍ അഭിപ്രായം തേടും. ഈ നിര്‍ദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ച ശേഷമായിരിക്കും പൂര്‍ണമായ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേന്ദ്രമെന്ന് സൂചനയുണ്ട്.
സ്വത്തവകാശം, പിൻതുടര്‍ച്ചാവകാശം, ദത്തെടുക്കല്‍, വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ മത വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും പൊതു നിയമത്തിന് കീഴില്‍ വരുന്നതാണ് ഏകീകൃത സിവില്‍ കോ‍ഡ്.
ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ പൊതുജനാഭിപ്രായം തേടിയുള്ള നിയമ കമ്മിഷന്റെ നോട്ടിസ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് പാര്‍ലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗം ചേരുക. നിയമ കമ്മിഷൻ അംഗങ്ങള്‍, നിയമ മന്ത്രാലയ പ്രതിനിധികള്‍ എന്നിവരുമായുള്ള യോഗം ജൂലൈ മൂന്നിന് ചേരാനാണ് തീരുമാനം. എട്ടരലക്ഷത്തോളം അഭിപ്രായങ്ങളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഈ മാസം 13 വരെയാണ് അഭിപ്രായം അറിയിക്കാനുള്ള സമയം. ഇത് ദീര്‍ഘിപ്പിക്കണമെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അടക്കം ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.
2024ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിനായി ബിജെപി ഏകീകൃത സിവില്‍ കോഡ് വിഷയം ഉപയോഗിക്കുകയാണെന്ന് സിപിഐ, കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ജെഡിയു തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കുന്നു. അതേസമയം ഏകീകൃത സിവില്‍ കോഡ് തത്വത്തില്‍ അംഗീകരിക്കുന്നതായാണ് എഎപി നിലപാട്. ശിവസേന ഉദ്ധവ് വിഭാഗവും ഇതേനിലപാടിലാണ്. ലോ‌‌‌ക‌്സഭയില്‍ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ ബില്‍ പാസാക്കിയെടുക്കാന്‍ ബിജെപിക്ക് എന്‍ഡിഎ ഇതര പാര്‍ട്ടികളുടെ സഹായമില്ലാതെ സാധിക്കില്ല.

എന്‍ഡിഎയില്‍ ഭിന്നത

ഇംഫാല്‍: ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ എന്‍ഡിഎയില്‍ ഭിന്നത. ബിജെപിയുടെ സഖ്യകക്ഷിയായ എന്‍ഡിപിപിയാണ് എതിര്‍പ്പറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഏകീകൃത സിവില്‍ കോഡ് മതേതരത്വത്തിനും ഫെഡറലിസത്തിനും എതിരാണെന്നാണ് എന്‍ഡിപിപിയുടെ നിലപാട്.
മണിപ്പൂരില്‍ എന്‍ഡിപിപിയുമായി ചേര്‍ന്നാണ് ബിജെപി ഭരിക്കുന്നത്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ന്യൂനപക്ഷവിഭാഗങ്ങളിലും ഗോത്രവിഭാഗങ്ങളിലും ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് എന്‍ഡിപിപി വിലയിരുത്തി. 

ഉത്തരാഖണ്ഡില്‍ ഉടന്‍ നടപ്പാക്കും: മുഖ്യമന്ത്രി 

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി. കരട് ബില്‍ പൂര്‍ത്തിയായതായും സര്‍ക്കാരിന് ഉടൻ കൈമാറുമെന്നും ബില്‍ രൂപീകരണത്തിന് ചുമതലപ്പെടുത്തിയ കമ്മിറ്റിയും അറിയിച്ചു.
കഴിഞ്ഞ വര്‍ഷമാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇതിനായി കമ്മിറ്റി രുപീകരിച്ചത്. ബില്‍ രുപീകരണത്തില്‍ വിവിധ മതങ്ങളുടെ സ്വത്തവകാശം, പിൻതുടര്‍ച്ചാവകാശം, ദത്തെടുക്കല്‍, വിവാഹം, വിവാഹമോചനം തുടങ്ങിയ നിയമങ്ങള്‍ പരിശോധിച്ചതായും നിയമ കമ്മിഷൻ റിപ്പോര്‍ട്ട്, രേഖപ്പെടുത്താതെ പോയ വിഷയങ്ങള്‍ എന്നിവ പഠിച്ചതായും കമ്മിറ്റിക്ക് നേതൃത്വം നല്‍കിയ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി വ്യക്തമാക്കി.
ബില്‍ അച്ചടി പൂര്‍ത്തിയാകുന്നതോടെ സര്‍ക്കാരിന് കൈമാറുമെന്നും രാജ്യത്തെ മതനിരപേക്ഷത ശക്തിപ്പെടുത്താൻ ബില്‍ സഹായകമാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ബില്ലിന് വലിയ പിന്തുണ ലഭിച്ചതായും പാനലിലെ പ്രതിപക്ഷ അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി ഐകകണ്‌ഠ്യേനയാണ് ബില്‍ തയ്യാറാക്കിയതെന്നും രഞ്ജന പ്രകാശ് ദേശായി പറഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, മത വിഭാഗങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ട 20,000 പേരില്‍ നിന്ന് 2.3 ലക്ഷം നിര്‍ദേശങ്ങള്‍ ലഭിച്ചതായി പാനല്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ഭോപ്പാലില്‍ നടന്ന ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടിരുന്നു. രണ്ട് വ്യത്യസ്ത നിയമങ്ങള്‍ വച്ചുകൊണ്ട് രാജ്യത്തിന് പ്രവര്‍ത്തിക്കാനാകില്ലെന്നും ഒരു കുടുംബത്തില്‍ വിവിധ വ്യക്തികള്‍ക്ക് വിവിധ നിയമം എന്ന പോലെയാണ് അതെന്നും മോഡി പറഞ്ഞു.

Eng­lish Sum­ma­ry: Uni­form Civ­il Code Bill; Move­ments at the Annu­al Conference

You may also like this video

Exit mobile version