ഏകീകൃത സിവിൽകോഡുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കാന്‍ കോണ്ഗ്ര(Congress) സിന് ബാധ്യതയുണ്ടെന്ന് ഐഎന്‍എല്‍(ഇന്ത്യന്‍ നാഷണല്‍ ലീഗ് ‑INL) സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂർ. രാജ്യസഭയിൽ ഏകീകൃത സിവിൽകോഡ് സംബന്ധിച്ച സ്വകാര്യ ബിൽ വന്നപ്പോൾ അതിനെ എതിർക്കാന്‍ കോണ്‍ഗ്രസ് കൂട്ടാക്കിയില്ല. അതില്‍നിന്നും ഒളിച്ചോടിയ കോൺഗ്രസിന്റെ സമീപനം സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നിലപാടിനെ മുസ്ലിംലീഗ് നേതാവ് പിവി അബ്ദുൽ വഹാബിന് പരസ്യമായി വിമർശിക്കേണ്ടിവന്നത് ഗൗരവതരമാണ്. അതേസമയം ഇതുവരെയും അതിനുശേഷം ഈ വിഷയത്തിൽ തങ്ങൾ എന്ത് സമീപനമാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കളാരുംതന്നെ മുന്നോട്ടുവന്നിട്ടില്ല. ഇത് വളരെ ദുരൂഹതരമാണ്. ഈ മൗനം വാചാലവും കാപട്യവുമാണ്. രാമക്ഷേത്ര നിർമാണം, കശ്മീരിന് സവിശേഷ പദവി നൽകുന്ന 370-ാം ഖണ്ഠിക റദ്ദാക്കൽ, പൊതുസവിൽകോഡ് നടപ്പാക്കൽ എന്നീ വിഷയങ്ങൾ ആർഎസ്എസ് ദശാബ്ദങ്ങളായി നെഞ്ചിലേറ്റി നടക്കുന്ന മുഖ്യ രാഷ്ട്രീയ അജണ്ടകളാണ്. രാമക്ഷേത്രവിഷയത്തിലും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിലും ബിജെപിക്കൊപ്പം നില കൊണ്ട കോൺഗ്രസ് ഏകസിവിൽ കോഡിന്റെ കാര്യത്തിൽ മതേതര പക്ഷത്തോടൊപ്പം നിൽക്കുമെന്ന് ഒരുറപ്പുമില്ല.
അതുകൊണ്ട് ഈ വിഷയത്തിൽ കോൺഗ്രസിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് തെളിച്ചുപറയാൻ പാർട്ടി നേതൃത്വം ആർജവം കാട്ടണമെന്നും അല്ലാത്തപക്ഷം മറ്റു പല വിഷയങ്ങളിലുമെന്ന പോലെ കോൺഗ്രസ് സംഘ്പരിവാറിനൊപ്പമാണെന്ന നിഗമനത്തിലെത്തേണ്ടിവരുമെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
English Summary: Uniform Civil Code: Congress should clarify position INL
You may also like this video: