Site iconSite icon Janayugom Online

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍കോഡ് ഇന്നു മുതല്‍

ഉത്തരാഖണ്ഡില്‍ തിങ്കളാഴ്ച മുതല്‍ ഏകീകൃത സിവില്‍ കോഡ് (യുസിസി ) നടപ്പാക്കും. യുസിസി പോര്‍ട്ടല്‍ മുഖ്യമന്ത്രി പുഷ്കര്‍ ധാമി ഇന്ന് ഉച്ചയ്കക്ക് ഉദ്ഘാടനം ചെയ്യും. ഇതു സംബന്ധിച്ച വിജ്ഞാപനം മുമ്പ് ഇറക്കിയിരുന്നു.ഇതോടെ സ്വാതന്ത്ര്യത്തിന് ശേഷം ഏക സിവിൽ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

യുസിസി നിലവിൽ വരുന്നതോടെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടർച്ചാവകാശം മുതലായവയിൽ സംസ്ഥാനത്തെ എല്ലാവർക്കും ഏകീകൃത നിയമം ആയിരിക്കും. ആദിവാസികളെയും ചില പ്രത്യേക സമുദായങ്ങളെയും നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ജനുവരി മുതൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് പുഷ്കർ സിംഗ് ധാമി നേരത്തെ വ്യക്തമാക്കിയിരുന്നു.

2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാന ദിവസമാണ് ബിജെപി അധികാരം നിലനിർത്തിയാൽ സംസ്ഥാനത്ത് യുസിസി നടപ്പാക്കുന്ന് പ്രഖ്യാപനം നടത്തിയത്.മാർച്ചിൽ ഉത്തരാഖണ്ഡിൽ പുതിയ സർക്കാർ രൂപീകരിച്ച ശേഷം സംസ്ഥാനത്ത് യുസിസി നടപ്പാക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാൻ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ തന്നെ തീരുമാനിച്ചു.

വിരമിച്ച ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ അധ്യക്ഷതയിലാണ് അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിച്ചത്. അതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂണിഫോം സിവിൽ കോഡ് ഉത്തരാഖണ്ഡ് 2024 ബിൽ ഫെബ്രുവരി ഏഴിന് സംസ്ഥാന നിയമസഭയിൽ പാസാക്കി. രാഷ്ട്രപതിയുടെ അനുമതിക്ക് ശേഷം മാർച്ച് 12ന് നിയമം വിജ്ഞാപനം ചെയ്യുകയായിരുന്നു. 

Exit mobile version