രാജ്യമാകെ ഉറ്റുനോക്കുന്ന ഏകീകൃത സിവില്‍ കോഡ് വിഷയം ഇന്നു ചേരുന്ന പാര്‍ലമെന്ററി സമിതിയോഗം ചര്‍ച്ച ചെയ്യും. ബിജെപി അംഗമായ സുശീല്‍ മോഡി അധ്യക്ഷനായ നിയമ‑നീതിന്യായ പാര്‍ലമെന്ററി സമിതിയോഗമാണ് വിഷയം ചര്‍ച്ചയ്ക്കെടുക്കുന്നത്. സമിതി അംഗങ്ങളായ എംപിമാര്‍ക്ക് പുറമെ നിയമ വകുപ്പ്, ലെജിസ്ലേറ്റീവ് വകുപ്പ്, ദേശീയ നിയമ കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും.
2018 ല്‍ അന്നത്തെ നിയമ കമ്മിഷന്‍ ഏകീകൃത സിവില്‍ കോഡ് നിര്‍ബന്ധപൂര്‍വം നടപ്പിലാക്കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. 21-ാമത് നിയമ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗങ്ങള്‍ക്ക് വിതരണം ചെയ്യുകയും ഇതിന്‍മേല്‍ ചര്‍ച്ച നടക്കുകയും ചെയ്യുമെന്നാണ് വിവരം.
അംഗങ്ങള്‍ക്ക് വിതരണം ചെയ്ത നിയമ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പില്‍ കുടുംബ നിയമത്തില്‍ മാറ്റം കൊണ്ടുവരിക എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് നിലവിലിരിക്കുന്ന വ്യക്തി നിയമങ്ങളുടെ ക്രോഡീകരണം വഴി ഒരു നിയമം കൊണ്ടുവരിക എന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഏകീകൃത സിവില്‍ കോഡ് തിരക്കിട്ട് നടപ്പാക്കേണ്ടതില്ലെന്ന നിലപാടാവും പാര്‍ലമെന്ററി സമിതി യോഗത്തില്‍ പങ്കെടുക്കുന്ന നാല് കോണ്‍ഗ്രസ് അംഗങ്ങളും സ്വീകരിക്കുക.
അതേസമയം കഴിഞ്ഞദിവസം ഈ വിഷയത്തില്‍ ചേര്‍ന്ന യോഗം ഒരു പൊതു നിലപാടിലെത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു. ഇതിനാല്‍ മുസ്ലിം ലീഗ് അടക്കമുള്ള സഖ്യകക്ഷികളില്‍ നിന്നും കോണ്‍ഗ്രസിന് കടുത്ത വിമര്‍ശനം നേരിടുന്നുണ്ട്.
English Summary: Uniform Civil Code; Parliamentary committee meeting today
You may also like this video