പദ്ധതി ചെലവുകള്‍ക്കുള്ള അധിക ധന സമാഹരണത്തിനൊപ്പം ധനകമ്മി തരണം ചെയ്യാന്‍ മോഡി സര്‍ക്കാരിന് മുന്നിലുള്ള ഏക പോംവഴി ഓഹരി വിറ്റഴിക്കല്‍ മാത്രം. പൊതുമേഖലയില്‍ നിന്നും സര്‍ക്കാര്‍ ഘട്ടം ഘട്ടമായി പിന്‍വലിയുന്ന നടപടി ഊര്‍ജിതമാക്കാന്‍ ഇടക്കാല ബജറ്റില്‍ അപ്രഖ്യാപിത നിര്‍ദേശങ്ങള്‍ ഉണ്ടായേക്കും.
കേന്ദ്ര സര്‍ക്കാരിന്റെ ധനകമ്മി ഏതാണ്ട് പത്ത് ലക്ഷം കോടി രൂപയില്‍ അധികമാകുമെന്നാണ് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്കുമേല്‍ കനത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ സ്വന്തം നിലയില്‍ കുത്തഴിഞ്ഞ നിലപാടും നയങ്ങളുമാണ് സ്വീകരിച്ചത്. നിലവില്‍ നടപ്പു പദ്ധതികള്‍ക്ക് കാര്യമായ കരുതലുകള്‍ സ്വീകരിച്ചിട്ടില്ല. ഭൂരിപക്ഷ അഹങ്കാരത്തില്‍ മോഡി സര്‍ക്കാര്‍ സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടെ കൊണ്ടുവന്ന പല പരിഷ്കാരങ്ങളും ഹ്രസ്വകാലത്തില്‍ നേട്ടമായി കാണാമെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇവയൊക്കെ വന്‍ ബാധ്യതകള്‍ സര്‍ക്കാരിന് വരുത്തിവയ്ക്കും എന്നതാണ് യാഥാര്‍ത്ഥ്യം.
കോവിഡും അനുബന്ധിയായ അന്താരാഷ്ട്ര ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ നടപടികളെ പിന്നോട്ടടിച്ചു. എന്നാല്‍ ആഗോള തലത്തിലെ കോവിഡാനന്തര സാഹചര്യങ്ങള്‍ ഇന്ത്യാ അനുകൂലമാണെന്ന വിലയിരുത്തലാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. നടപ്പു സാമ്പത്തിക വര്‍ഷം പൊതുമേഖലാ സ്വകാര്യവല്‍ക്കരണത്തിലൂടെ 51,000 കോടി ലക്ഷ്യമിട്ട സര്‍ക്കാരിന് തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിനൊപ്പം സാമ്പത്തിക മേഖലയിലെ മറ്റ് കാരണങ്ങളാലും ലക്ഷ്യം നേടാനായില്ല
ഇടക്കാല ബജറ്റില്‍ തുടക്കമെന്നോണം 50,000 കോടി രൂപയുടെ പൊതുമേഖലാ ഓഹരി വിറ്റഴിക്കലിനുള്ള പ്രഖ്യാപനമാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ബജറ്റില്‍ 51,000 കോടി രൂപ ഓഹരി വിറ്റഴിക്കലിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിട്ടെങ്കിലും അത് 11,000 കോടി രൂപയ്ക്കുള്ളില്‍ ഒതുങ്ങി. അതേസമയം പൊതുമേഖലാ സ്ഥാപനങ്ങള്‍ 43,000 കോടി രൂപയില്‍ അധികം ലാഭവിഹിതമായി സര്‍ക്കാരിനു നല്‍കുകയും ചെയ്തു. ഷിപ്പിങ് കോര്‍പറേഷന്‍, ഐഡിബിഐ ഉള്‍പ്പെടെ നിരവധി പൊതുമേഖലാ ഓഹരികളാകും സര്‍ക്കാരിന്റെ ധനകമ്മി തരണം ചെയ്യാന്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറുകയെന്ന സൂചനകള്‍ ഇതിനോടകം പുറത്തുവന്നു. ഇടക്കാല ബജറ്റില്‍ പക്ഷെ ഇത് സംബന്ധിച്ച വ്യക്തതകള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഉദ്യോഗസ്ഥ തലത്തിലെ വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പിന് ശേഷം നടത്തുന്ന പൂര്‍ണ ബജറ്റിലേ ഇക്കാര്യങ്ങള്‍ സംബന്ധിച്ച വ്യക്തത ഉണ്ടാകൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
English Summary: Union Budget: Divestment is the only way to overcome fiscal deficit
You may also like this video