2024–25 ലേക്കുള്ള ഭക്ഷ്യ, വളം സബ്സിഡിക്ക് നീക്കിവച്ചത് 3.69 ലക്ഷം കോടി. ഈ സാമ്പത്തിക വര്‍ഷത്തെക്കാള്‍ എട്ട് ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഭക്ഷ്യ സബ്സിഡിയായി 2,05,250 കോടി അനുവദിച്ചതായി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമൻ അറിയിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ അവസാനിക്കുന്ന പുതുക്കിയ എസ്റ്റിമേറ്റ് തുകയായ 2,12,322 കോടിയെക്കാള്‍ കുറവാണ് നിലവില്‍ അനുവദിച്ചിരിക്കുന്ന ബജറ്റ് വിഹിതം. 2022–23ല്‍ ഇത് 2.72 ലക്ഷം കോടിയായിരുന്നു.
വളം സബ്സിഡിയായി 1.64 ലക്ഷം കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് ഇത് 1.89 ലക്ഷം കോടിയും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.51 ലക്ഷം കോടിയുമായിരുന്നു.
ഭക്ഷ്യ ധാന്യങ്ങള്‍ സംഭരിക്കുന്ന സമയത്തെ സാമ്പത്തിക ചെലവും വിതരണം ചെയ്യുന്ന സമയത്തെ ചെലവും കണക്കാക്കിയാണ് ഭക്ഷ്യ സബ്സിഡി അനുവദിക്കുന്നത്. സാമ്പത്തികമായി താഴെ തട്ടില്‍ നില്‍ക്കുന്ന 80 കോടിയോളം പേര്‍ക്കാണ് സര്‍ക്കാര്‍ സൗജന്യ റേഷൻ അനുവദിച്ചിരിക്കുന്നത്. വളം നിര്‍മ്മാതാക്കള്‍ക്കും സര്‍ക്കാര്‍ സബ്സിഡി അനുവദിക്കുന്നുണ്ട്.
വില്പനയ്ക്കുള്ള യൂറിയയുടെ വില നിര്‍ണയിക്കുന്നതും സര്‍ക്കാരാണ്. നിര്‍മ്മാണത്തിനുള്ള ചെലവും വില്പന നടത്തുന്ന തുകയും തമ്മിലുള്ള അന്തരമാണ് സബ്സിഡിയായി നല്‍കുന്നത്. പെട്രോളിയം ഉല്പന്നങ്ങള്‍ക്കും സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട്, പ്രത്യേകിച്ച് പാചക വാതകത്തിന്. പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം 11,925 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം ഇത് 12,240 കോടിയാണ്. 80 കോടി പേര്‍ക്ക് സൗജന്യ റേഷൻ നല്‍കുന്നതിലൂടെ ഭക്ഷണം സംബന്ധിച്ച ആശങ്കകള്‍ ഇല്ലാതായതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അവകാശപ്പെട്ടു.
കിസാൻ സമ്മാൻ നിധി വർധനവില്ല
തെരഞ്ഞെടുപ്പ് വർഷമായതിനാല്‍ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ തുക 6000ത്തിൽ നിന്നു 9,000 ആയി വർധിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും വിഹിതം കൂട്ടിയില്ല. 2019ല്‍ ആരംഭിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന പ്രകാരം 2000 രൂപ വീതം മൂന്ന് ഗഡുക്കളായാണ് ആനുകൂല്യം നല്‍കുന്നത്. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇന്ധന വില കുറയ്ക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ബജറ്റിൽ അതുമുണ്ടായില്ല.
English Summary: Union Budget: Food, Fertilizer Subsidies Cut
You may also like this video