Site iconSite icon Janayugom Online

ഇസ്രോയുടെ ചന്ദ്രയാൻ 4ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ 4 പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ചന്ദ്രോപരിതലത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്ന ദൗത്യമായിരിക്കും ചന്ദ്രയാന്‍4ന്. സോഫ്റ്റ് ലാന്‍ഡിംഗിന് ശേഷം ചന്ദ്രോപരിതലത്തില്‍ നിന്ന് പാറ സാമ്പിളുകള്‍ ഭൂമിയിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതാണ് ദൗത്യം. 2027 ല്‍ വിക്ഷേപണം നടത്താനാണ് ലക്ഷ്യമിടുന്നത്.

ല്യൂണാര്‍ ഡോക്കിങ്, പ്രിസിഷന്‍ ലാന്‍ഡിങ്, സാമ്പിള്‍ തുടങ്ങിയ ഘടകങ്ങള്‍ ചേര്‍ത്ത് ചന്ദ്രയാന്‍ 3ല്‍ ഉപയോഗിച്ച സാങ്കേതികവിദ്യ വിപുലീകരിക്കും. ഭൂമിയില്‍ സുരക്ഷിതമായി തിരിച്ചെത്തുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യൻ ബഹിരാകാശയാത്രികരെ ചന്ദ്രനിൽ ഇറക്കുന്നതിനുള്ള സാങ്കേതികവിദ്യകൂടി ഉള്‍പ്പെടുന്നതാണ് പദ്ധതി. സാങ്കേതിക പ്രദർശന ദൗത്യമായ “ചന്ദ്രയാൻ4” ൻ്റെ മൊത്തം ഫണ്ട് 2,104.06 കോടി രൂപയാണ്.

ബഹിരാകാശ പേടകങ്ങള്‍ വികസിപ്പിക്കുന്നതും വിക്ഷേപിക്കുന്നതും ഐഎസ്ആർഒ ആയിരിക്കുമെന്ന് ഇസ്രോ പ്രസ്താവനയില്‍ പറയുന്നു. വ്യവസായ, അക്കാദമിക് പങ്കാളിത്തത്തോടെ അനുമതി ലഭിച്ച് 36 മാസത്തിനുള്ളിൽ ദൗത്യം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇസ്രോ അധികൃതര്‍ അറിയിച്ചു. 

Exit mobile version