Site iconSite icon Janayugom Online

കേന്ദ്രസര്‍ക്കാര്‍ ഭവനപദ്ധതിയില്‍ സബ്സിഡി വെട്ടിക്കുറച്ചു; ഗുണഭോക്താക്കള്‍ കടക്കെണിയില്‍

pmaypmay

ലോകത്തിലെ ഏറ്റവും വലിയ ഭവന നിര്‍മ്മാണ പദ്ധതിയെന്ന് മോഡി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ)യുടെ ഗുണഭോക്താക്കള്‍ കടക്കെണിയില്‍.
പദ്ധതി വഴി നല്‍കിയിരുന്ന സബ്സിഡി സര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെയാണ് ഗുണഭോക്താക്കള്‍ കടക്കെണിയിലേക്ക് പതിച്ചത്. സബ്സിഡി തുക കുറച്ചതോടെ സ്വാകര്യ ബാങ്കുകളെ ആശ്രയിക്കേണ്ടിവന്നവരാണ് കടത്തില്‍ക്കുടുങ്ങി നട്ടം തിരിയുന്നതെന്ന് സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്റ് ഇക്കണോമിക്സ് പ്രോഗ്രസ് (സിഎസ്ഇപി ) പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

2015 ല്‍ മോഡി സര്‍ക്കാര്‍ രാജ്യത്തെ ഭവനരഹിതര്‍ക്ക് വേണ്ടി ആവിഷ്കരിച്ച പദ്ധതിയില്‍ 11.18 കോടി ഭവനം നിര്‍മ്മിക്കാനാണ് വിഭാവനം ചെയ്തത്. ഇതില്‍ 8.55 കോടി ഭവനങ്ങള്‍ മാത്രമാണ് നാളിതുവരെ പൂര്‍ത്തിയായത്. ഒഡിഷ. കേരളം തമിഴ്നാട് സംസ്ഥാനങ്ങളിലെ പിഎംഎവൈ ഗുണഭോക്താക്കളില്‍ 80 ശതമാനം പേരും സബ്സിഡി തുക വെട്ടിക്കുറച്ചതോടെ സ്വാകാര്യ ബാങ്കുകളെയും പണമിടപാട് സ്ഥാപനങ്ങളെയും ആശ്രയിച്ചാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. ഇത്തരം ഭവന വായ്പകള്‍ക്ക് 60 ശതമാനം വരെ പലിശയാണ് പല പണമിടപാട് സ്ഥാപനങ്ങളും ഈടാക്കുന്നത്. പൊതുമേഖല ബാങ്കുകള്‍ പദ്ധതിയോട് മുഖംതിരിക്കുന്നതും ഭവനരഹിതരെ വലയ്ക്കുന്നു.
ഇതോടൊപ്പം ചേരികളുടെ വികസനം ലക്ഷ്യമിട്ട് ആരംഭിച്ച പിഎംഎവൈ അര്‍ബന്‍ പദ്ധതിയും ഇഴഞ്ഞുനീങ്ങുന്നതായി സിഎസ്ഇപി റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരങ്ങളിലെ ചേരി നിവാസികള്‍ക്ക് ഭവന നിര്‍മ്മാണത്തിന് ആരംഭിച്ച പദ്ധതി തുടങ്ങിയിടത്ത് തന്നെ നില്‍ക്കുകയാണ്. നഗരങ്ങളെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് ചേരി നിര്‍മ്മാജനം നടത്താനുള്ള ശ്രമം ഭൂമിയേറ്റെടുക്കല്‍ നടപടികളില്‍ത്തട്ടി മുന്നോട്ട് പോകാത്ത അവസ്ഥയിലാണ്.
ഗുണഭോക്താക്കള്‍ നേരിട്ട് നടത്തുന്നവ, അഫോഡബിള്‍ ഹൗസിങ് പാര്‍ട്ട്ണര്‍ഷിപ്പ്, ഇന്‍സിറ്റ് യു സ്ലം റീഡവലപ്മെന്റ്, ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം തുടങ്ങിയ സംവിധാനങ്ങള്‍ വഴി ഇതുവരെ ആകെ 62 ശതമാനം നിര്‍മ്മാണം മാത്രമാണ് സാധ്യമായത്. പദ്ധതിയിലെ മറ്റ് നിര്‍മ്മാണങ്ങള്‍ കേന്ദ്ര വിഹിതത്തിന്റെ അഭാവം മൂലം നിശ്ചലമായ അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പിഎംവൈഎ പദ്ധതി അനുസരിച്ച് അധികമായി ഒരു കോടി ഭവനം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ സബ്സിഡി വെട്ടിക്കുറച്ചതോടെ കടക്കെണിയിലായ ഗുണഭോക്താക്കള്‍ പിഎംവൈഎ പദ്ധതിയില്‍ നിന്ന് അകലുന്നതായി പഠനത്തിന് നേതൃത്വം നല്‍കിയ ദോബപ്രിത റോയ്, രശ്മി കുണ്ടു എന്നിവര്‍ പ്രതികരിച്ചു. 

Eng­lish Sum­ma­ry: Mur der of female doc­tor; A blue­tooth head­set was deliv­ered to the accused

You may also like this video

Exit mobile version