Site icon Janayugom Online

ഹൈന്ദവതയ്ക്ക് യാതൊരു ഭീഷണിയും ഇല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ഹൈന്ദവത ഭീഷണി നേരിടുന്നുവെന്ന സംഘ്പരിവാറിന്റെ നിരന്തര പ്രചാരണത്തിന് വിരുദ്ധമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിവരാവകാശ മറുപടി. രാജ്യത്തൊരിടത്തും ഹൈന്ദവതയ്ക്ക് ഭീഷണി നേരിടുന്നില്ലെന്നാണ് ആഭ്യന്തര സുരക്ഷാ വിഭാഗം സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി എസ് റാണ നല്‍കിയിരിക്കുന്ന മറുപടി. ഹൈന്ദവതയ്ക്ക് ഭീഷണി ഉണ്ടെന്നതുസംബന്ധിച്ച് ആഭ്യന്തരമന്ത്രാലയത്തിന്റെ പക്കല്‍ തെളിവുകളൊന്നും ഇല്ലെന്നും മറുപടിയില്‍ പറയുന്നു. 

നാഗ്പുരിലെ സന്നദ്ധപ്രവര്‍ത്തകനായ മൊഹനിഷ് ജബല്‍പൂരി ഓഗസ്റ്റ് 31ന് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് സംഘ്പരിവാര്‍ പ്രചാരണത്തെ പ്രതിക്കൂട്ടിലാക്കുന്ന ഔദ്യോഗിക വിവരം. ഹിന്ദുമതം നേരിടുന്ന ഭീഷണിക്ക് തെളിവുകള്‍ ഉണ്ടോ എന്നായിരുന്നു പ്രധാനചോദ്യം. തന്റെ അപേക്ഷയ്ക്ക് കൃത്യമായ മറുപടി അറിയിച്ച വി എസ് റാണയോട് നന്ദിയുണ്ടെന്നും സംഘ്പരിവാര്‍ രാജ്യത്തുടനീളം നടത്തുന്ന കുപ്രചാരണത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും മൊഹനീഷ് പിന്നീട് പറ‌ഞ്ഞു.

ഹിന്ദുമതത്തിന് ഭീഷണിയുണ്ടെന്നും അതിനെതിരെ ഹൈന്ദവര്‍ ഒന്നിക്കണമെന്നും കേന്ദ്ര മന്ത്രിസഭയിലുള്ളവരടക്കം ആര്‍എസ്എസുകാര്‍ ആഹ്വാനം ചെയ്തതുവഴി രാജ്യത്ത് നിരവധി കലാപങ്ങളാണ് ഉണ്ടായത്. ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ക്കെല്ലാം സംഘ്പരിവാറും ആര്‍എസ്എസും കാരണമായി പറ‌ഞ്ഞതും ഹിന്ദുമതത്തിന് ഭീഷണിയുണ്ടെന്നായിരുന്നു. സിഎഎ വിരുദ്ധപോരാട്ടം പോലും ഹിന്ദുമതത്തിനെതിരെയാണെന്നായിരുന്നു സംഘ്പരിവാറിന്റെ ആരോപണം. മൊഹനിഷിന് ലഭിച്ച വിവരാവകാശ മറുപടിയോടെ ആര്‍എസ്എസിന്റെ വര്‍ഗീയ ആക്രമണ ആയുധത്തിന്റെ മുനയൊടിഞ്ഞിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട നിയമപോരാട്ടവും വരാനിരിക്കുന്ന നാളുകളില്‍ വലിയ ചര്‍ച്ചകളാകും.

ENGLISH SUMMARY:Union Home Min­istry says there is no threat to Hinduism
You may also like this video

Exit mobile version