Site icon Janayugom Online

മുസ്ലിം വിരുദ്ധ പ്രസംഗവുമായി കേന്ദ്രമന്ത്രി; സ്വത്ത് മുസ്‌ലിങ്ങള്‍ക്ക് പോകണോയെന്ന് തീരുമാനിക്കണമെന്നും മന്ത്രി

anurag

രാജ്യത്തെ മുസ്ലിങ്ങള്‍ നുഴഞ്ഞുകയറ്റക്കാരാണെന്നും കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നവരാണെന്നും പ്രസ്താവന നടത്തിയ നരേന്ദ്ര മോഡിക്ക് പിന്നാലെ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറും. ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മോഡിയുടെ വിദ്വേഷ പ്രസംഗം അനുരാഗും ആവര്‍ത്തിച്ചത്.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ സ്വത്തും അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണവും ഭൂമിയും മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്ന അതേ പ്രസ്താവനയാണ് കേന്ദ്രമന്ത്രിയും നടത്തിയത്. കോണ്‍ഗ്രസ് പ്രകടന പത്രിക തയ്യാറാക്കിയതില്‍ വിദേശ സ്വാധീനം ഉണ്ടെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. രാജ്യത്തെ ആണവായുധം ഇല്ലാതാക്കുക, രാജ്യത്തെ ജാതീയമായും മതപരമായും വിഭജിക്കുക എന്നിവ പ്രകടനപത്രികയില്‍ അടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

കൊള്ളക്കാരുടെ ഒരു സംഘം കോണ്‍ഗ്രസിനെ ചുറ്റിപ്പറ്റി നില്‍ക്കുകയാണ്. ഇവരാണ് കോണ്‍ഗ്രസിന്റെ ആശയങ്ങളുടെ പുറകില്‍ പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ സ്വത്ത് നിങ്ങളില്‍ തന്നെ നില്‍ക്കണമോ, അതോ മുസ്ലിം വിഭാഗത്തില്‍ എത്തിച്ചേരണമോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

നരേന്ദ്ര മോഡി ബന്‍സ്വാരയില്‍ നടത്തിയ വിദ്വേഷ പ്രസംഗം രാജ്യമാകെ കോളിളക്കം സൃഷ്ടിച്ചിരുന്നു. മോഡിയുടെ പ്രസ്താനയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വരുകയും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മോഡിയോട് മൃദു സമീപനം സ്വീകരിച്ച കമ്മിഷന്‍ നടപടി വ്യാപക വിമര്‍ശനത്തിന് ഇടവരുത്തിയിരുന്നു. തുടര്‍ന്ന് മുഖം രക്ഷിക്കാര്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡയോട് വിശദീകരണം ചോദിച്ച് കമ്മിഷന്‍ തലയൂരുകയായിരുന്നു. 

Eng­lish Sum­ma­ry: Union Min­is­ter with anti-Mus­lim speech; The min­is­ter should decide whether the prop­er­ty should go to Muslims

You may also like this video

Exit mobile version