Site icon Janayugom Online

ഗാസ: ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം തുടരുന്നു മനുഷ്യരാശിക്കെതിരായ കുറ്റം: യുഎന്‍

ഗാസയിൽ ഇസ്രയേല്‍ നടത്തിവരുന്ന ആക്രമണം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമെന്ന് ഐക്യരാഷ്ട്ര സഭ(യുഎന്‍). കൊല്ലപ്പെട്ട സിവിലിയന്മാരുടെ എണ്ണം സൂചിപ്പിക്കുന്നത് ഇസ്രയേലിന്റെ സൈനിക നടപടികളിൽ വ്യക്തമായ തെറ്റുണ്ടെന്നാണെന്നും യുഎൻ മേധാവി അന്റോണിയോ ഗുട്ടറെസ് പറഞ്ഞു. യുഎന്നും ലോകരാജ്യങ്ങളും ആവര്‍ത്തിച്ച് ആവശ്യമുന്നയിച്ചിട്ടും ഇസ്രയേല്‍ വെടിനിര്‍ത്തലിന് തയ്യാറായിട്ടില്ല.

ഗാസയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 214 പേർ കൊല്ലപ്പെട്ടതോടെ മരണസംഖ്യ 10,567 ആയി ഉയര്‍ന്നു. ഹമാസിന്റെ പ്രധാന ശക്തികേന്ദ്രമായ ഗാസ സിറ്റി വളഞ്ഞിരിക്കുകയാണ് ഇസ്രയേല്‍ കരസേന. നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് സൈന്യം മുന്നേറിയതായി ഇസ്രയേല്‍ അവകാശപ്പെടുമ്പോള്‍ തങ്ങളുടെ പോരാളികള്‍ അധിനിവേശ സേനയ്ക്ക് കനത്ത നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് ഹമാസ് പറയുന്നു.

കിലോമീറ്ററുകള്‍ വ്യാപിച്ചുകിടക്കുന്ന ഹമാസിന്റെ തുരങ്ക ശൃംഖല തകര്‍ക്കാന്‍ ഇസ്രയേല്‍ സൈന്യം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. ഗാസയിലെ ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, അവരുടെ കമാന്‍ഡര്‍മാര്‍, ബങ്കറുകള്‍, ആശയവിനിമയ മുറികള്‍ എന്നിവയാണ് ലക്ഷ്യമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റും പറഞ്ഞു.

തുരങ്കങ്ങള്‍ തകര്‍ക്കുന്ന നടപടി ബന്ദികളെ കൂടുതല്‍ അപകടത്തിലാക്കുമെന്ന് ഇസ്രയേലിനും ആശങ്കയുണ്ട്. 12 ബന്ദികളെ വിട്ടയക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ ഇസ്രയേലിന്റെ വ്യോമ‑കര ആക്രമണം കൊണ്ട് ഇതിന് സാധിക്കില്ലെന്നും ഹമാസിന്റെ അല്‍ ഖസാം ബ്രിഗേഡ്‌സ് പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി 15 വരെ ബന്ദികളെ കൈമാറാനും ഹമാസ് തയ്യാറായിട്ടുണ്ട്. ഖത്തറിന്റെ നേതൃത്വത്തിലാണ് ഈ വിഷയത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നത്. വടക്കന്‍ ഗാസയില്‍ നിന്നും തെക്കന്‍ മേഖലയിലേക്കുള്ള പലായനം തുടരുകയാണ്. അതിനിടെ ഇസ്രയേലിനെതിരെ ഹിസ്ബുള്ള ആക്രമണം കടുപ്പിച്ചു. ഇസ്രയേല്‍ സൈനികത്താവളം ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണത്തില്‍ തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Eng­lish Sum­ma­ry: Unit­ed Nations calls Israel’s attack on Gaza a crime against humanity
You may also like this video

Exit mobile version