Site icon Janayugom Online

നോക്കൗട്ട് കടക്കാതെ യുണൈറ്റഡ് പുറത്ത്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കാണ് ഏകപക്ഷീയമായ ഒരു ഗോളിന് യുണൈറ്റഡിനെ തകര്‍ത്തത്. ജയത്തോടെ ആറില്‍ അഞ്ച് കളിയും വിജയിച്ച് 16 പോയിന്റോടെ ബയേണ്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഗലാറ്റസരേയെ ഒറ്റഗോളിന് തോല്പിച്ച് എട്ട് പോയിന്റോടെ കോപ്പന്‍ഹേഗന്‍ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിലെത്തി. ആറ് കളിയില്‍ ഒരു ജയം മാത്രമുള്ള യുണൈറ്റഡ് അവസാന സ്ഥാനക്കാരായാണ് പുറത്തേക്ക് പോകുന്നത്.
ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ബയേണ്‍ വിജയഗോള്‍ നേടുന്നത്. 71-ാം മിനിറ്റില്‍ കിങ്സ്‌ലി കോമാനാണ് ബയേണിനായി ഗോള്‍ നേടിയത്. ഗ്രൂപ്പ് സിയില്‍ നിന്നും സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും പ്രീക്വാര്‍ട്ടറിലെത്തി. യൂണിയന്‍ ബെര്‍ലിനെ നേരിട്ട റയല്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് വിജയം നേടിയത്. ജൊസേലുവിന്റെ ഇരട്ടഗോളാണ് റയലിന് വിജയം സമ്മാനിച്ചത്.

ലൂക്ക മോഡ്രിച്ച് പെനാല്‍റ്റി പാഴാക്കിയെങ്കിലും കളിതീരാന്‍ ഒരുമിനിറ്റുള്ളപ്പോള്‍ ഡാനി സെബായോസ് റയലിന്റെ ജയമുറപ്പിച്ചു. വോളണ്ടും അലക്‌സ് ക്രാളുമാണ് യുണിയന്‍ ബെര്‍ലിന്റെ സ്കോറര്‍മാര്‍. ആറില്‍ ആറ് കളിയും ജയിച്ച് 18 പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് റയല്‍ പ്രീക്വാര്‍ട്ടറിനെത്തുന്നത്. ഇറ്റാലിയന്‍ വമ്പന്മാരായ നപ്പോളിയാണ് ഗ്രൂപ്പില്‍ നിന്നും നോക്കൗട്ട് റൗണ്ടിലേക്ക് കടന്ന മറ്റൊരു ടീം. മൂന്ന് കളി വിജയിച്ച അവര്‍ക്ക് 10 പോയിന്റുണ്ട്. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ആഴ്സലണിന് സമനില. പിഎസ്‌വി ഓരോ ഗോളടിച്ചാണ് ആഴ്സണലിനെ സമനിലയില്‍ തളച്ചത്. 42-ാം മിനിറ്റില്‍ എഡ്ഡി എന്‍കെതിയ ആഴ്സണലിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പിഎസ്‌വിയുടെ സമനില ഗോളെത്തി. യോര്‍ബെ വെര്‍ട്ടെസനായിരുന്നു സ്കോറര്‍. സമനിലയോടെ ആഴ്സണലിനൊപ്പം ലെന്‍സിനെ മറികടന്ന് പിഎസ്‌വിയും പ്രീക്വാര്‍ട്ടറിലെത്തി. ഇന്റര്‍മിലാന്‍-റയല്‍ സോസിഡാഡ് മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

Eng­lish Sum­ma­ry; Unit­ed out with­out going through the knockouts
You may also like this video

Exit mobile version