Site iconSite icon Janayugom Online

അടിമകളുടെ രക്തം കൊണ്ടാണ് ഈ രാജ്യം കെട്ടിപ്പടുത്തത്: ബ്രിട്ടനില്‍ രാജാവിന് നേരെ മുട്ടയേറ്

ബ്രിട്ടനിലെ ചാള്‍സ് രാജാവിനും പത്നി കാമിലയ്ക്കും നേരെ മുട്ടയെറിഞ്ഞ 23കാരനായ വിദ്യാര്‍ത്ഥി അറസ്റ്റില്‍. ബുധനാഴ്ച യോര്‍ക്കിലാണ് സംഭവം. പൊതുസ്ഥലത്ത് ക്രമസമാധാനം തടസ്സപ്പെടുത്തിയെന്ന കേസാണ് ചുമത്തിയിരിക്കുന്നത്. 

യോര്‍ക്ക് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ് പ്രതി. “അടിമകളുടെ രക്തം കൊണ്ടാണ് ഈ രാജ്യം കെട്ടിപ്പടുത്തത്. ഇദ്ദേഹം എന്റെ രാജാവല്ല” എന്ന് പറഞ്ഞുകൊണ്ടാണ് വിദ്യാര്‍ത്ഥി മുട്ടയേറ് നടത്തിയത്. യോര്‍ക്ക് നഗരത്തില്‍ എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിയതായിരുന്നു രാജാവും ഭാര്യയും. മൂന്ന് മുട്ടകളെറിഞ്ഞെങ്കിലും ഒന്ന് പോലും രാജാവിന്റെ ദേഹത്ത് കൊണ്ടില്ല. വിദ്യാര്‍ത്ഥിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു.

അതേസമയം അവിടെയുണ്ടായിരുന്ന ജനക്കൂട്ടം പ്രതിഷേധക്കാരന് എതിരെ തിരിയുകയായിരുന്നു. നിങ്ങളെക്കുറിച്ച് ലജ്ജിക്കുന്നുവെന്ന് പറഞ്ഞാണ് ആള്‍ക്കൂട്ടം ശബ്ദമുയര്‍ത്തിയത്. ദൈവമേ രാജാവിനെ രക്ഷിക്കൂ എന്നും ആള്‍ക്കൂട്ടം വിളിച്ചു പറയുന്നുണ്ടായിരുന്നു. പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. 

എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് സെപ്തംബര്‍ പത്തിനാണ് ചാള്‍സ് മൂന്നാമനെ ബ്രിട്ടന്റെ രാജാവായി പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം മെയ് ആറിനാണ് കിരീടധാരണം നിശ്ചയിച്ചിരിക്കുന്നത്.

Eng­lish Sum­mery: Uni­ver­si­ty Stu­dent Throws Eggs At King Charls
You may also like this video

Exit mobile version