Site iconSite icon Janayugom Online

ഛത്തീസ്ഗഡിലെ ഗ്രാമത്തില്‍ അജ്ഞാതരോഗം; മൂന്നു വര്‍ഷത്തിനിടെ 61 പേര്‍ മരിച്ചു

DiseaseDisease

ഛത്തീസ്ഗഡിലെ ഉള്‍ഗ്രാമത്തില്‍ അജ്ഞാതരോഗം ബാധിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 61 പേര്‍ മരിച്ചു. സുക്മ ജില്ലയിലെ റിഗാഡ്ഗട്ട ഗ്രാമത്തിലുള്ള കോന്‍ട ഡെവലപ്മെന്റ് ബ്ലോക്കിലാണ് അജ്ഞാതരോഗം ബാധിച്ച് ആളുകള്‍ മരിക്കുന്നതായി കാണിച്ച് ജില്ലാ ഭരണകൂടത്തിന് പ്രദേശവാസികള്‍ കത്തെഴുതിയത്.
130 കുടുംബങ്ങളിലായി ആയിരത്തോളം പേരാണ് ഇവിടെ താമസിക്കുന്നത്. 2020ന് ശേഷം കൈകളിലും കാലിലും നീര്‍ക്കെട്ട് രൂപപ്പെട്ട് യുവാക്കള്‍ ഉള്‍പ്പെടെ മരിക്കുന്നതായി കാണിച്ച് കഴിഞ്ഞമാസം 27നാണ് പ്രദേശവാസികള്‍ സുക്മ ജില്ലാ കളക്ടര്‍ക്ക് കത്തു നല്‍കിയത്.
സമാന ലക്ഷണങ്ങളോടെ രണ്ടു പേര്‍ ചികിത്സയിലാണ്. അടിയന്തരമായി ഡോക്ടര്‍മാരുടെ സംഘത്തെ അയച്ച് പ്രശ്നം കണ്ടെത്തണമെന്നും കത്തില്‍ പറയുന്നു. ജനങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രത്യേക ആരോഗ്യ ദൗത്യ സംഘത്തെ പ്രദേശത്ത് വിന്യസിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സമാനരോഗലക്ഷണങ്ങളോടെ 47 പേര്‍ മരിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ജലസ്ത്രോതസുകളില്‍ രണ്ടെണ്ണത്തില്‍ ഫ്ലൂറൈഡിന്റെ അളവ് അനുവദനീയമായതിലും അധികമാണെന്ന് കണ്ടെത്തി. ഇത് ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഉയര്‍ന്ന തോതിലുള്ള ഇരുമ്പിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും മരണത്തിന് കാരണമാകില്ലെന്നും വിദഗ്ധര്‍ പറയുന്നു. പ്രദേശവാസികളുടെ ക്രിയാറ്റിന്‍, യൂറിക് ആസിഡ് അളവ് കൂടുതലാണ്.
ജലം, മണ്ണ് തുടങ്ങിയവ വിശദമായി പരിശോധിച്ചതിന്റെ ഫലം പുറത്തുവന്നാല്‍ മാത്രമെ പരിഹാരം കണ്ടെത്താനാകുവെന്ന് വിദഗ്ധര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Unknown dis­ease in Chhat­tis­garh vil­lage; 61 peo­ple died in three years

You may like this video also

Exit mobile version