Site iconSite icon Janayugom Online

നിയമവിരുദ്ധ നടപടികൾ; ബിഗ് ബോസ് സംപ്രേഷണം നിർത്തിവയ്പ്പിക്കാമെന്ന് ഹൈക്കോടതി

ടിവി റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ നിയമ വിരുദ്ധതയുണ്ടെങ്കിൽ പരിപാടി നിർത്തിവയ്പ്പിക്കാമെന്ന് ഹൈക്കോടതി. സംപ്രേഷണ ചട്ടങ്ങളുടെ ലംഘനമുണ്ടെങ്കിൽ ഉടനടി പരിഹരിക്കാൻ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിർദേശം നൽകി.
മലയാളം ആറാം സീസൺ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടൽ. ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികൾ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. നിയമ വിരുദ്ധതയുണ്ടെങ്കിൽ പരിപാടി നിർത്തിവെയ്പ്പിക്കാമെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എം എ അബ്ദുൾ ഹഖിം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 

ശാരീരിക പീഡനം ഇന്ത്യൻ ശിക്ഷാനിയമത്തിന് കീഴിലുള്ള കുറ്റകൃത്യമാണ്. 1995ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് (റെഗുലേഷൻ) ആക്ട്, 1952ലെ സിനിമാറ്റോഗ്രാഫ് ആക്ട് എന്നിവ വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങളുടെ ലംഘനമാണ് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. 1995ലെ ടെലിവിഷൻ നെറ്റ്‌വർക്കുകൾ (റെഗുലേഷൻ) നിയമപ്രകാരം അന്തസിനെ വ്രണപ്പെടുത്തുന്ന ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ആക്രമണം സംപ്രേഷണം ചെയ്യുന്നതിനും നിരോധനമുണ്ട്. ഇത്തരത്തിലുള്ള പരിപാടികൾ സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. തുടർന്നാണ് വിഷയം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച് കോടതി കേന്ദ്ര സർക്കാരിനോട് നടപടി സ്വീകരിക്കാൻ നിർദേശിച്ചത്. ഈ മാസം 25ന് കോടതി ഹർജി വീണ്ടും പരിഗണിക്കും.

Eng­lish Sum­ma­ry: Unlaw­ful Pro­ceed­ings; High Court can stop Bigg Boss airing
You may also like this video

Exit mobile version