Site iconSite icon Janayugom Online

ഉന്നാവോ ബലാത്സംഗ കേസ്; പ്രതിഷേധിച്ച അതിജീവിതയ്ക്കും മാതാവിനും പൊലീസ് മര്‍ദനം

ഉന്നാവോ ബലാത്സംഗ കേസിൽ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധിച്ച അതിജീവിതയെയും അമ്മയെയും സൈനിക വിഭാഗവും പൊലീസും ചേര്‍ന്ന് കയ്യേറ്റം ചെയ്തു. കേസില്‍ പ്രതി കുൽദീപ് സിങ് സേംഗറിന്റെ ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. ചൊവ്വാഴ്ച രാത്രിയില്‍ ഡൽഹി ഇന്ത്യ ഗേറ്റിന് സമീപമാണ് അതിജീവിതയും അമ്മയും അഭിഭാഷകയും ആക്ടിവിസ്റ്റുമായ യോഗിത ഭയാനയെയും ചേര്‍ന്ന് പ്രതിഷേധിച്ചത്. എന്നാൽ പ്രതി​ഷേധം തുടങ്ങി നിമിഷങ്ങൾക്കകം തന്നെ അതിജീവിതയെയും അവരുടെ അമ്മയെയും അവിടെ നിന്ന് ബലമായി സിആർപിഎഫ് കസ്റ്റഡിയിലെടുത്തു. ഇവരെ കയറ്റിക്കൊണ്ടുപോയ ബസിനുള്ളില്‍ വനിതാ സിആർപിഎഫ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നില്ല. 

അതിജീവിതയുടെ അമ്മയെ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് ചാടാൻ നിര്‍ബന്ധിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് സിആർപിഎഫ് ബസിൽ അതിജീവിതയെയും അമ്മയെയും തിരിച്ചെത്തിച്ചെങ്കിലും മാധ്യമങ്ങളോട് സംസാരിക്കാൻ ഇവരെ അനുവദിച്ചില്ല. പ്രതിഷേധിക്കാൻ അനുമതിയില്ലെന്നും ഇവരെ തിരികെ വീട്ടിലേക്ക് എത്തിക്കുന്നുവെന്നുമായിരുന്നു സിആർപിഎഫ് ഉദ്യോഗസ്ഥർ വിശദീകരിച്ചത്. തുടർന്ന് ബസിൽ അതിജീവിതയെയും മാതാവിനെയും കൊണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർ പോയി. ബസിനകത്ത് വച്ച് സിആർപിഎഫ് ഉദ്യോഗസ്ഥർ കൈമുട്ടുകൊണ്ട് അതിജീവിതയുടെ മാതാവിനെ മർദിച്ചു. തുടർന്ന് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് മാതാവിനെ സിആർപിഎഫ് ഉദ്യോഗസ്ഥർ പുറത്തേക്ക് തള്ളിയിട്ടു. അതിജീവിതയേയും കൊണ്ട് ബസ് ഓടിച്ചു പോയെന്നുമാണ് റിപ്പോര്‍ട്ട്.

“ഞങ്ങൾക്ക് നീതി ലഭിച്ചല്ല. എന്റെ മകളെ ബന്ദിയാക്കിയിരിക്കുന്നു. ഞങ്ങളെ കൊല്ലാനാണ് അവരുടെ ആഗ്രഹം. എന്നെ വഴിയിൽ തള്ളിയിട്ട് പെൺകുട്ടിയേയും കൊണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർ പോയി”, പെൺകുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഉന്നാവോ ബലാത്സംഗ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന മുൻ ബിജെപി നേതാവ് കുൽദീപ് സിങ് സേംഗറിന്റെ ജയിൽ ശിക്ഷ കോടതി മരവിപ്പിച്ചത്. പ്രതിക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. 2017ൽ ഉത്തർപ്രദേശിലെ ഉന്നാവ് മേഖലയിൽ അന്ന് ബിജെപി നേതാവും എംഎൽഎയുമായിരുന്ന കുൽദീപ് സിങ് സേംഗര്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് കേസ്. പിന്നീട് റായ്ബറേലിയിലുണ്ടായ വാഹനാപകടത്തിൽ പെൺകുട്ടിക്ക് ഗുരുതര പരിക്കേറ്റിരുന്നു. അപകടവുമായി ബന്ധപ്പെട്ട് സെന്‍ഗാറിനും കൂട്ടാളികൾക്കും എതിരെ പൊലീസ് കേസെടുത്തിരുന്നു. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ് 2018 ഏപ്രിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചു. പെൺകുട്ടിയുടെ പിതാവിന്റെ കൊലപാതക കേസിൽ കുൽദീപ്​ സിങ്​ അടക്കം ഏഴ്​ പ്രതികൾക്കും​ 10 വർഷം തടവ്​ വിധിച്ചിരുന്നു.

Exit mobile version