ഇന്ത്യയിലെ മാതൃമരണനിരക്ക് വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രമാണെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്. സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രം മൂലം പ്രതിദിനം ഇന്ത്യയില്‍ എട്ട് സ്ത്രീകള്‍ മരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 67 ശതമാനം ഗര്‍ഭഛിദ്രങ്ങളും സുരക്ഷിതമല്ലെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐക്യരാഷ്ട്ര സഭ പോപുലേഷന്‍ ഫണ്ട് (യുഎന്‍എഫ്‌പിഎ) പുറത്തിറക്കിയ 22ലെ സ്റ്റേറ്റ് ഓഫ് വേള്‍ഡ് പോപുലേഷന്‍ എന്ന വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 2007–2011 കാലയളവിനിടയില്‍ ഇന്ത്യയില്‍ നടന്ന ഗര്‍ഭഛിദ്രങ്ങളുടെ 67 ശതമാനവും സുരക്ഷിതമല്ലാത്തവ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അവിചാരിത ഗര്‍ഭധാരണം എന്ന വിഷയത്തില്‍ ഊന്നല്‍ നല്‍കിയുള്ളതാണ് ഈ വര്‍ഷത്തെ റിപ്പോര്‍ട്ട്. ലോകത്തില്‍ പ്രതിവര്‍ഷം 121 ദശലക്ഷം അവിചാരിത ഗര്‍ഭധാരണങ്ങള്‍ നടക്കുന്നുണ്ട്. ദിവസേനയുള്ള ശരാശരി കണക്ക് 3,31,000 ആണ്. ഇതില്‍ ഏഴില്‍ ഒരുഭാഗവും ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ആഗോളതലത്തില്‍ 257 ദശലക്ഷം സ്ത്രീകളും അപ്രതീക്ഷിത ഗര്‍ഭധാരണം തടയുന്നതിനുവേണ്ടി ഗര്‍ഭനിരോധന ഉറകള്‍ അടക്കമുള്ള ആധുനിക സുരക്ഷിതമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തയാറല്ല. ഇതില്‍ 172 ദശലക്ഷം പേര്‍ ഒരുവിധത്തിലുമുള്ള സുരക്ഷിതമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 60 ശതമാനം അപ്രതീക്ഷിത ഗര്‍ഭധാരണങ്ങളും ചെന്നവസാനിക്കുന്നത് ഗര്‍ഭഛിദ്രത്തിലാണ്. എന്നാല്‍ ഇതില്‍ ഏറിയ പങ്കും സുരക്ഷിതമല്ലാത്തതായതിനാല്‍ അത് മാതൃമരണത്തിന് ഇടയാക്കുന്നു. ആഗോളതലത്തില്‍ 45 ശതമാനം ഗര്‍ഭഛിദ്രങ്ങളും സുരക്ഷിതമല്ല. 4.7 ശതമാനം മുതല്‍ 13.2 ശതമാനം വരെ മാതൃമരണത്തിന് ഇവ കാരണമാകുന്നു.
ലോകത്തൊട്ടാകെ ഏഴ് ദശലക്ഷം സ്ത്രീകളാണ് ഗര്‍ഭഛിദ്രത്തിനായി പ്രതിവര്‍ഷം ആശുപത്രികളിലെത്തുന്നത്. ഇവരുടെ ചികിത്സാ ചെലവ് മാത്രം 553 ദശലക്ഷം ഡോളര്‍ വരും. 15 മുതല്‍ 19 വയസിനിടയില്‍ പ്രായമുള്ള പെണ്‍കുട്ടികളില്‍ ഗർഭഛിദ്രവുമായി ബന്ധപ്പെട്ട സങ്കീർണതകൾ മൂലം മരിക്കാനുള്ള ഏറ്റവും ഉയർന്ന അപകടസാധ്യതയുണ്ടെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
English summary; Unsafe abortion: Eight women die every day in the country
You may also like this video;