ചേർത്തല റയിൽവേ സ്റ്റേഷനിൽ മാസങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന കോച്ചുകൾ യാത്രക്കാർക്കു തടസ്സമാകുന്നു. ഇതുമൂലം പല യാത്രക്കാർക്കും കൂടുതൽ നടന്നുവേണം സ്റ്റേഷനിലെത്താൻ. സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്ഫോമിലാണ് രണ്ടാം ലോക്ഡൗണിനു ശേഷം ട്രെയിൻ നിർത്തിയിട്ടിരിക്കുന്നത്.
ട്രെയിനിന്റെ 22 കംപാർട്മെന്റുകളാണ് ഇവിടെ ഇട്ടിരിക്കുന്നത്. ഇതുമൂലം പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിൽ നിന്നു റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്ന യാത്രക്കാർക്ക് ഏറെ പ്രയാസമാണ്. ട്രെയിൻ വരുന്നതു കാണാൻ പറ്റില്ല എന്നതാണ് പ്രധാന തടസ്സം. മുൻപ് മൂന്നാമത്തെ പ്ലാറ്റ്ഫോമിലൂടെ കയറി സ്റ്റേഷനിലേക്ക് എത്താമായിരുന്നു. ഇപ്പോൾ ട്രെയിൻ കിടക്കുന്നതിനാൽ അതിനു സാധിക്കാതെ ഏറെദൂരം നടന്നുവേണം സ്റ്റേഷനിലെത്താൻ. നിർത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ വാതിലുകൾ അടച്ചിട്ടിരിക്കുകയുമാണ്. അതിനാൽ അതിലൂടെയും കയറാനാവില്ല.
മൂന്നാമത്തെ പ്ലാറ്റ്ഫോമിനോടു ചേർന്നുള്ള പ്രദേശം കാടുപിടിച്ചു കിടക്കുകയാണ്. വെളിച്ചമില്ലാത്തതും ഇഴജന്തു, തെരുവുനായ് ശല്യവും മാലിന്യവും യാത്രക്കാരെ വലയ്ക്കുന്നു. യാത്രക്കാർ ഭീതിയോടെയാണു കടന്നുപോകുന്നത്. എല്ലാ ട്രെയിനുകളും ഓടിത്തുടങ്ങുന്നതോടെ ഇവിടെയുള്ളത് നീക്കിയേക്കുമെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിവരം.