Site icon Janayugom Online

യുപി നിയമസഭാ തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ ഗോരഖ്‍പൂർ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ചന്ദ്രശേഖർ ആസാദ്

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് മത്സരിക്കും. ഗോരഖ്‍പൂർ അർബൻ മണ്ഡലത്തിൽ താൻ ഭീം ആർമി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ‘രാവൺ’ എന്നറിയപ്പെടുന്ന പാർട്ടി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ചു.

നേരത്തേ തന്നെ യുപിയിലെ ദളിത് ഐക്കണായ ചന്ദ്രശേഖർ യോഗിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. ഗോരഖ്‍പൂർ അർബൻ അഥവാ ഗോരഖ്‍പൂർ സദർ എന്ന മണ്ഡലത്തിൽ യോഗി മത്സരിക്കുമെന്ന് ബിജെപി വ്യക്തമാക്കിയതിന് പിറ്റേന്നാണ് ചന്ദ്രശേഖറിന്‍റെ പ്രഖ്യാപനം. എംഎൽഎ സ്ഥാനത്തിനായി യോഗി ആദിത്യനാഥ് ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

യോഗിക്കെതിരെ സമാജ്‍വാദി പാർട്ടി ആരെ സ്ഥാനാർത്ഥിയാക്കുമെന്ന് ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. ചന്ദ്രശേഖർ ആസാദും ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. ഇതിന് മുമ്പ് 2019‑ൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ മത്സരിക്കുമെന്ന് ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറിയിരുന്നു.

അന്ന് സ്വന്തമായി രാഷ്ട്രീയപാർട്ടിയില്ലാത്തതിനാൽ മായാവതിക്കും കോൺഗ്രസിനും പിന്തുണ നൽകുകയാണെന്നും ചന്ദ്രശേഖർ പ്രഖ്യാപിച്ചു. ഇപ്പോൾ ഭീം ആർമിയെന്ന പാർട്ടി രൂപീകരിച്ച സാഹചര്യത്തിൽ നേരിട്ടെതിർക്കാൻ ഇറങ്ങുകയാണെന്നും ചന്ദ്രശേഖർ. ”യുപി നിയമസഭയിൽ ഒരിടം ഉണ്ടാകുക എന്നത് ഭീം ആർമിയെ സംബന്ധിച്ച് പ്രധാനമാണ്.

ആദിത്യനാഥ് യുപി നിയമസഭയിൽ ഇനി എത്താതിരിക്കുക എന്നതും നിർണായകമാണ്. അതിനാൽ അദ്ദേഹം മത്സരിക്കുന്ന ഇടത്ത് ഞാനും മത്സരിക്കും”, ചന്ദ്രശേഖർ നേരത്തേ വ്യക്തമാക്കിയിരുന്നു. 1989 മുതൽ ഗോരഖ്‍പൂരിൽ ബിജെപിയല്ലാതെ മറ്റാരും ജയിച്ചിട്ടില്ല. അഖിലഭാരതീയ ഹിന്ദു മഹാസഭാ സ്ഥാനാർത്ഥിയാണ് ഇവിടെ മത്സരിച്ച മറ്റൊരാൾ.

2017‑ലാണ് അഖിലഭാരതീയ ഹിന്ദു മഹാസഭയിൽ നിന്ന് ബിജെപിയുടെ രാധാമോഹൻദാസ് അഗർവാൾ ഗോരഖ്പൂർ സീറ്റ് ബിജെപിക്കായി തിരിച്ചുപിടിച്ചത്. അന്ന് അറുപതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാധാമോഹൻദാസ് അഗർവാൾ ജയിച്ചത്. യുപിയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തന്നെയാണ് ചന്ദ്രശേഖർ ആസാദിന്‍റെ തീരുമാനം. നേരത്തേ സമാജ്‍വാദി പാർട്ടി അധ്യക്ഷനായ അഖിലേഷ് യാദവുമായി ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തിയെങ്കിലും സഖ്യസാധ്യത തെളിഞ്ഞിരുന്നില്ല.

എസ്പി സഖ്യത്തിൽ മത്സരിക്കുകയാണെങ്കിൽ 10 മുതൽ 25 സീറ്റുകൾ വരെയാണ് ഭീം ആർമി ചോദിച്ചത്. എന്നാൽ പരമാവധി മൂന്ന് സീറ്റുകളേ നൽകാനാകൂ എന്നായിരുന്നു സമാജ്‍വാദി പാർട്ടിയുടെ നിലപാട്. ഇതോടെയാണ് അഖിലേഷുമായി ഒരു സഖ്യത്തിനുമില്ലെന്നും ദളിതരെ ഉപയോഗിച്ച് അധികാരത്തിലെത്തുക എന്ന ലക്ഷ്യം മാത്രമേ അഖിലേഷിനുള്ളൂ എന്നും ആരോപിച്ച് ചന്ദ്രശേഖർ സഖ്യസാധ്യതകൾ അടച്ചത്.

2017‑ൽ യുപിയിലെ സഹാരൺപൂരിൽ ദളിതുകളും സവർണരായ ഠാക്കൂർമാരും തമ്മിലുണ്ടായ തർക്കങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയിലാണ് ദളിത് യുവാക്കളൊന്നിച്ച് ചേർന്ന് രൂപീകരിച്ച ഭീം ആർമി ദേശീയശ്രദ്ധയിലെത്തുന്നത്. അന്ന് വ്യത്യസ്തമായ ഗെറ്റപ്പിൽ നീല ഷോൾ പുതച്ച് യോഗങ്ങൾക്കെത്തുന്ന ചന്ദ്രശേഖർ ആസാദ് തന്‍റെ ഒഴുക്കുള്ള ഉശിരൻ പ്രസംഗങ്ങളിലൂടെയും രൂപത്തിലൂടെയും രാഷ്ട്രീയകേന്ദ്രങ്ങളുടെ ശ്രദ്ധ നേടി.

പിന്നീട് സംഘർഷങ്ങളുടെ പേരിൽ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് അലഹാബാദ് ഹൈക്കോടതി ചന്ദ്രശേഖറിന് ജാമ്യം നൽകിയെങ്കിലും കൂടുതൽ കടുത്ത ജാമ്യവ്യവസ്ഥകളുള്ള ദേശീയസുരക്ഷാ നിയമം ചുമത്തി വീണ്ടും യുപി പൊലീസ് ഭീം ആർമി അധ്യക്ഷനെ അറസ്റ്റ് ചെയ്തു. 16 മാസം ജയിലിൽ കഴിഞ്ഞ ശേഷം പിന്നീട് സെപ്റ്റംബർ 2018‑ലാണ് ചന്ദ്രശേഖർ ആസാദ് ജയിൽമോചിതനായത്.

Eng­lishs Sumam­ry: UP Assem­bly polls: Chan­drasekhar Azad to con­test against Adityanath in Gorakh­pur constituency

You may also like this video:

Exit mobile version