Site iconSite icon Janayugom Online

ബിജെപി നേതാവ് ആംബുലൻസ് തടസപ്പെടുത്തി ചികിത്സ കിട്ടാതെ രോഗി മരിച്ചു

ബിജെപി നേതാവിന്റെ കാർ ആംബുലൻസിന്റെ വഴി തടസപ്പെടുത്തിയത് മൂലം രോഗി ചികിത്സ കിട്ടാതെ മരിച്ചു. ഉത്തർപ്രദേശിലെ സീതാപൂരിലാണ് സംഭവം. ബിജെപി നേതാവ് ഉമേഷ് മിശ്ര കാർ നിർത്തിയിട്ട് ഇറങ്ങിപ്പോയതാണ് രോഗി മരണപ്പെടാൻ ഇടയായതെന്നാണ് ആരോപണം. ഇതേക്കുറിച്ച് പരാതിപ്പെട്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും രോഗിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. ശനിയാഴ്ച നെഞ്ചുവേദനയെ തുടർന്ന് രോഗിയായ സുരേഷ് ചന്ദ്രയുമായി ലഖ്‌നൗ ആശുപത്രിയിലേക്ക് പോകുകയായിരുന്നു.

എന്നാൽ അവിടെ ഉമേഷ് മിശ്ര തന്റെ കാർ റോഡരികിൽ വഴി തടസപ്പെടുത്തി പാർക്ക് ചെയ്ത് പോയതിനാൽ ആംബുലൻസിന് കടന്നു പോകാൻ കഴിഞ്ഞില്ല. തുടര്‍ന്ന് ആംബുലൻസ് 30 മിനിറ്റിലധികം അവിടെ കുടുങ്ങികിടന്നു. അതിനിടെ നെഞ്ചുവേദന കൂടുകയും സുരേഷ് ചന്ദ്ര മരിക്കുകയുമായിരുന്നു.

പിന്നീട് തിരിച്ചെത്തിയ ബിജെപി നേതാവ് രോഷാകുലനാവുകയും മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും സുരേഷ് ചന്ദ്രയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ബിജെപി നേതാവും ബ്ലോക്ക് തലവനുമായ രാംകിങ്കർ പാണ്ഡെയുടെ സഹോദരനാണെന്ന് അവകാശപ്പെടുന്ന ഉമേഷ് മിശ്ര മരിച്ചയാളുടെ ഭാര്യാസഹോദരനെ അധിക്ഷേപിക്കുന്നതും കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും സമീപവാസികൾ പകർത്തിയ വീഡിയോയിൽ കാണാം.

Eng­lish Sum­ma­ry: UP BJP Lead­er’s Car Blocks Ambu­lance, Killing Patient
You may also like this video

Exit mobile version