Site iconSite icon Janayugom Online

യുപി അഞ്ചാംഘട്ടം; പോളിങ്ങ് 55.31 ശതമാനം

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം വോട്ടെടുപ്പിൽ 55 ശതമാനത്തിലേറെ പേർ സമ്മതിദാനം വിനിയോഗിച്ചു. രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പശ്ചാത്തലത്തില്‍ അയോധ്യയടക്കം നിര്‍ണായക മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതിയത്. അവാധ് പൂര്‍വാഞ്ചല്‍ മേഖലകളിലായി 12 ജില്ലകളില്‍ 61 മണ്ഡലങ്ങളിലെ 2.24 കോടി വോട്ടർമാരിൽ 55.31 ശതമാനം പേര്‍ പോളിങ് ബൂത്തുകളിലെത്തിയെന്നാണ് ഒടുവിൽ കിട്ടിയ റിപ്പോർട്ട്. ചിത്രകൂട് ജില്ലയിലാണ് കൂടിയ പോളിങ്ങ്-59.64 ശതമാനം. 51.82 രേഖപ്പെടുത്തിയ പ്രയാഗ്‍രാജിലാണ് ഏറ്റവും കുറവ്.
രാവിലെ പോളിങ് ബൂത്തുകളില്‍ നല്ല തിരക്കാണുണ്ടായത്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയും സിരാതു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ കേശവ് പ്രസാദ് മൗര്യ, കോണ്‍ഗ്രസ് നേതാവും റാംപുര്‍ ഖാസ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ആരാധന മിശ്ര തുടങ്ങിയ പ്രമുഖര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. അയോധ്യ, അമേത്തി, റായ്ബറേലി, പ്രയാഗ് രാജ് തുടങ്ങിയ നിര്‍ണായക മണ്ഡലങ്ങളില്‍ 12 മണിയോടെ പോളിങ് ശതമാനം ഇരുപത് കഴിഞ്ഞു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ചര്‍ച്ചയാക്കിയ കര്‍ഷക പ്രക്ഷോഭം പ്രതിപക്ഷം ഈ മേഖലകളിലും ആയുധമാക്കിയിരുന്നു. എന്നാൽ കര്‍ഷക പ്രക്ഷോഭം വോട്ടിങ്ങില്‍ ഒരു പ്രതിഫലനവും ഉണ്ടാക്കില്ലെന്നാണ് ബിജെപി പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അവസാന രണ്ട് ഘട്ടങ്ങൾ മാർച്ച് മൂന്ന്, ഏഴ് തീയതികളിലാണ് നടക്കുക.
അതേസമയം മണിപ്പുരിൽ 38 സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. മുഖ്യമന്ത്രി എൻ ബിരേൻ സിങ് (ഹീൻഗാംഗ്), സ്പീക്കർ ഖേംചന്ദ് (സിംഗ്ജാമെ), സംസ്ഥാന പിസിസി അധ്യക്ഷൻ എൻ ലോകേഷ് സിങ് (നമ്പൽ സിയ) എന്നിവരടക്കം 173 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപുർ, കാംഗ്പോപി, ചുരാചന്ദ്പുർ എന്നീ അഞ്ച് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 38 നിയമസഭാ മണ്ഡലങ്ങളിലാണ് ആദ്യഘട്ടം. മാർച്ച് മൂന്നിന് അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കും.
ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരാണ് മണിപ്പുരിൽ അധികാരത്തിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 21 സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപി, നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്), ലോക് ജനശക്തി പാർട്ടി (എൽജെപി) എന്നിവരുമായി സഖ്യമുണ്ടാക്കിയാണ് അധികാരത്തിലേറിയത്. 28 സീറ്റുകളുമായി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ സാധിച്ചില്ലെന്നത് വലിയ നാണക്കേടായിരുന്നു.

Eng­lish Sum­ma­ry: UP Fifth Phase; The turnout was 55.31 per cent

You may like this video also

YouTube video player
Exit mobile version