Site icon Janayugom Online

മുസാഫര്‍നഗര്‍ കലാപം: 77 കേസുകള്‍ യുപി സര്‍ക്കാര്‍ പിന്‍വലിച്ചു

2013ലെ മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട 77 കേസുകള്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചു. ജീവപര്യന്തം തടവ് ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ലഭിക്കുന്ന കുറ്റങ്ങള്‍ അടക്കമുള്ള കേസുകളാണ് ഒരു കാരണവും വ്യക്തമാക്കാതെ പിന്‍വലിച്ചിരിക്കുന്നതെന്ന് സുപ്രീം കോടതി നിശ്ചയിച്ച അമികസ് ക്യൂറി വിജയ് ഹന്‍സാരിയയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. നിയമനിര്‍മ്മാതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ വേഗത്തില്‍ പിന്‍വലിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകനായ അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ച് വാദം കേള്‍ക്കാന്‍ നിശ്ചയിച്ചിരിക്കുകയാണ്.

കലാപവുമായി ബന്ധപ്പെട്ട് മീററ്റ് മേഖലയിലെ അഞ്ച് ജില്ലകളിലായി ആകെ 510 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവയില്‍ 175 കേസുകളില്‍ കുറ്റപത്രം നല്‍കുകയും 165 കേസുകളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും 170 കേസുകള്‍ ഒഴിവാക്കുകയും ചെയ്തുവെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുശേഷമാണ് സിആര്‍പിസി 321 വകുപ്പ് പ്രകാരം 77 കേസുകള്‍ യാതൊരു കാരണവും കാണിക്കാതെ സര്‍ക്കാര്‍ പിന്‍വലിച്ചത്. എല്ലാ കാര്യങ്ങളും പരിഗണിച്ച് ഈ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നുവെന്ന് മാത്രമാണ് കേസുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവില്‍ സര്‍ക്കാര്‍ സൂചിപ്പിക്കുന്നതെന്ന് അമികസ് ക്യൂറി ചൂണ്ടിക്കാണിക്കുന്നു.

ഐപിസി 397-ാം വകുപ്പ് പ്രകാരം ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കൂട്ടം ചേര്‍ന്നുള്ള കൊള്ളയുള്‍പ്പെടെയുള്ള കേസുകളാണ് ഇവയില്‍ പലതുമെന്നും, പിന്‍വലിച്ച കേസുകള്‍ ഹൈക്കോടതി പുനഃപരിശോധിക്കേണ്ടതാണെന്നും ഹന്‍സാരിയ നിര്‍ദ്ദേശിക്കുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചത് സംബന്ധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലിസ്റ്റ് പുറത്തുവിട്ടിരുന്നു. ബിജെപി എംഎല്‍എമാരായ സംഗീത് സോം, സുരേഷ് റാണ, കപില്‍ ദേവ്, ഹിന്ദുത്വ സംഘടനാ നേതാവ് സ്വാധി പ്രാചി തുടങ്ങിയവരാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കര്‍ണാടക സര്‍ക്കാര്‍ 62 കേസുകളും ഇതുപോലെ കാരണമൊന്നും വ്യക്തമാക്കാതെ പിന്‍വലിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ വീണ്ടും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും അമികസ് ക്യൂറി ചൂണ്ടിക്കാണിക്കുന്നു.

നിലവിലുള്ള എംപിമാരുടെയും എംഎല്‍എമാരുടെയും പേരിലുള്ള കേസ് നടപടികള്‍ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിക്കരുതെന്ന് സുപ്രീം കോടതി ഈ
വര്‍ഷം ഓഗസ്റ്റ് പത്തിന് ഉത്തരവ് നല്‍കിയ കാര്യം അമികസ് ക്യൂറി ചൂണ്ടിക്കാട്ടി. സിആര്‍പിസി 321-ാം വകുപ്പ് പ്രകാരം കേസുകള്‍ പിന്‍വലിക്കുന്നത് പൊതുതാല്പര്യത്തിലായിരിക്കണമെന്നും രാഷ്ട്രീയ താല്പര്യം മാത്രം മുന്‍നിര്‍ത്തിയുള്ളതും, നിയമത്തിന്റെ നടപടികളെ തടസപ്പെടുത്തുകയോ അടിച്ചമര്‍ത്തുകയോ ചെയ്യുന്ന തരത്തിലുള്ളതും ആയിരിക്കരുതെന്നും അമികസ് ക്യൂറി റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചു. കേസുകള്‍ പിന്‍വലിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ രാഷ്ട്രീയ താല്പര്യം മുന്‍നിര്‍ത്തി ദുരുപയോഗം ചെയ്യുന്നത് പതിവായിരിക്കുന്ന സാഹചര്യത്തില്‍, നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് പുറമെ, സുപ്രീം കോടതി കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും അമികസ് ക്യൂറി അഭ്യര്‍ത്ഥിച്ചു.

You may also like this video:

Exit mobile version