Site icon Janayugom Online

പൊതുമുതൽ നശിപ്പിക്കൽ നിയമ പ്രകാരം ഏറ്റവുമധികം കേസുകള്‍ യുപിയില്‍

അവകാശ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനായി ‘രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങൾ’ എന്ന പേരിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റര്‍ ചെയ്യുന്നത് ഉത്തർ പ്രദേശിൽ. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ (എന്‍സിആര്‍ബി)യുടെ ‘ക്രൈം ഇൻ ഇന്ത്യ‑2020’ എന്ന റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ. 2019 ഇത്തരത്തിലുള്ള ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത് യുപിയിലാണ്, 2217. ഇതേ കാലയളിൽ പഞ്ചാബിൽ രജിസ്റ്റർ ചെയ്ത കേസുകൾ 35 ശതമാനത്തിൽ നിന്നും 70 ശതമാനമായി ഉയർന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടന്ന സമയത്താണ് യുപിയിൽ ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 2217 കേസുകളിൽ 2106ഉം പൊതുമുതൽ നശിപ്പിക്കൽ നിയമ പ്രകാരമുള്ളതാണ്. 

2019ൽ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ഇത്തരം കേസുകളിൽ 2.7 ശതമാനം (5613) കുറവുണ്ടായി. നേരത്തെ ഇത് 7656 ആയിരുന്നു. 5613 കേസുകളിൽ 80. 6 ശതമാനവും (4524) പൊതുമുതൽ നശിപ്പിക്കൽ നിയമ പ്രകാരമുള്ളതാണ്. യുഎപിഎ നിയമപ്രകാരം 796 (14.2 ശതമാനം) കേസുകളാണ് റിപ്പോർട്ട് ചെയ്തത്. യുപിയിൽ രജിസ്റ്റർ ചെയ്ത 2217 കേസുകളിൽ 95 ശതമാനവും (2106) പൊതുമുതൽ നശിപ്പിക്കൽ നിയമ പ്രകാരമുള്ളതായിരുന്നു. യുഎപിഎ ചുമത്തി 111 കേസുകളും രജിസ്റ്റർ ചെയ്തു. ജമ്മു കശ്മീർ ‑287, മണിപ്പൂർ 169,ഝാർഖണ്ഡ്- 86,അസം-76 എന്നിങ്ങനെയാണ് കൂടുതൽ യുഎപിഎ കേസുകൾ രജിസ്റ്റർ ചെയ്ത മറ്റ് സംസ്ഥാനങ്ങൾ.

എൻസിആർബിയുടെ രേഖകൾ പ്രകാരം പൊതു സമാധാനത്തിനും ദേശീയ ഉദ്ഗ്രഥനത്തിനും പൊതു ക്രമത്തിനും ഭംഗം വരുത്തുന്ന പ്രവർത്തികളാണ് രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളായി കണക്കാക്കുന്നത്. അതേസമയം 2020ൽ ഐപിസി, പ്രത്യേക, പ്രാദേശിക നിയമങ്ങൾ (എസ്എൽഎൽ) കേസുകളിൽ രാജ്യത്ത് 28 ശതമാനത്തിന്റെ വർധനവ് ഉണ്ടായി. 2019ൽ 51,56,158 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ കഴിഞ്ഞ വർഷമിത് 66,01,285 ആയി ഉയർന്നു. 2018ൽ 50,74,635 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു ലക്ഷം ജനസംഖ്യയിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിലും ഈ വർഷം വർധനവ് രേഖപ്പെടുത്തി. 2019ൽ 385.5 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ 2020ലിത് 487.8 ആയി ഉയർന്നു. 

ENGLISH SUMMARY:UP has the high­est num­ber of cas­es under the Pub­lic Destruc­tion Act
You may also like this video

Exit mobile version