പന്ത്രണ്ടാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെ പേപ്പർ ചോർച്ചയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ ബാലിയ ജില്ലയിൽ ഒരു മാസം മുമ്പ് അറസ്റ്റിലായ മൂന്ന് മാധ്യമപ്രവർത്തകർ ജയിൽ മോചിതരായി. പേപ്പർ ചോർച്ചയിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും ഹാജരാക്കാൻ പോലീസിന് കഴിയാത്തതിനാലാണ് മാധ്യമപ്രവർത്തകർക്ക് ജാമ്യം അനുവദിച്ചതെന്ന് കോടതിയിൽ അവരെ പ്രതിനിധീകരിച്ച അഭിഭാഷകൻ അഖിലേന്ദ്ര ചൗബെ പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടതിനാണ് ‘ചോര്‍ത്തി’ എന്നാരോപിച്ച് തങ്ങളെ അറസ്റ്റ് ചെയ്തതെന്നും കേസില്‍ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിനായില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചു.
അതേസമയം ജയിലില്‍ ക്രിമിനലുകളോടെന്ന പോലെയാണ് തങ്ങളോട് പെരുമാറിയതെന്ന് മോചിതരായ മാധ്യമപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി.
അമർ ഉജാല എന്ന ഹിന്ദി ദിനപത്രത്തിൽ പ്രവർത്തിക്കുന്ന അജിത് ഓജ, ദിഗ്‌വിജയ് സിംഗ്, മറ്റൊരു ഹിന്ദി പത്രത്തിൽ ജോലി ചെയ്യുന്ന മനോജ് ഗുപ്ത എന്നിവരെയാണ് ഉത്തർപ്രദേശിലെ 12-ാം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്. പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഇതേ ജില്ലയിൽ വീണ്ടും 50 ലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മാധ്യമപ്രവർത്തകരെ പ്രതികളാക്കിയ മൂന്ന് കേസുകളാണ് പൊലീസ് ഫയൽ ചെയ്തിരുന്നത്. വഞ്ചന പോലുള്ള കുറ്റങ്ങൾ പ്രതികൾക്കെതിരെ ഇല്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. അധിക വകുപ്പുകൾ ഉപയോഗിച്ചതിന് പൊലീസിനെതിരെ കോടതി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ജില്ലാ ഭരണകൂടം തങ്ങളെ കുടുക്കുകയാണെന്നായിരുന്നു അറസ്റ്റിലായ മാധ്യമപ്രവർത്തകര്‍ പറഞ്ഞു. അതേസമയം പത്താം ക്ലാസിലെ സംസ്‌കൃത പേപ്പർ ചോർന്നിട്ടില്ലെന്നാണ് ഭരണകൂടത്തിന്റെ വാദം.
English Summary: UP journalists arrested for leaking exam papers released from jail
You may like this video also