ഉത്തർപ്രദേശിലെ ലെജിസ്ലേറ്റീവ് കൗൺസിലില്‍ 110 വർഷത്തിനിടെ കോണ്‍ഗ്രസിന് പ്രതിനിധി ഇല്ലാതാകുന്നു. സംസ്ഥാനത്തെ ഉപരിസഭയിലെ ഏക കോണ്‍ഗ്രസ് അംഗം ബുധനാഴ്ച വിരമിച്ചതോടെ രാജ്യത്തെ ഏറ്റവും പ്രായമുള്ള രാഷ്ട്രീയ പാർട്ടിക്ക് ഒരു പ്രതിനിധി പോലും ഇല്ലാതായി.
1887ലാണ് ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത്. 1909ൽ മോത്തിലാൽ നെഹ്രു ആയിരുന്നു കോൺഗ്രസിന്റെ ആദ്യ എംഎൽസി. നിലവില്‍ കൗൺസിലിലെ കാലാവധി അവസാനിച്ച 12 അംഗങ്ങളിൽ ദീപക് സിങ് ആണ് ഏക കോണ്‍ഗ്രസ് അംഗം. ഈ വർഷമാദ്യം നടന്ന തെരഞ്ഞെടുപ്പിൽ 403 നിയമസഭാ സീറ്റുകളില്‍ രണ്ടെണ്ണം മാത്രം നേടിയ കോൺഗ്രസിന് ഇത്തവണ അവരുടെ പ്രതിനിധികളെ നിയമനിർമ്മാണ കൗൺസിലിലേക്ക് അയയ്ക്കാൻ കഴിയില്ല.
1909 ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസിന് പ്രതിനിധി ഇല്ലാതെ പോകുന്നതെന്ന് കൗണ്‍സില്‍ ഭാരവാഹികൾ പറയുന്നു. കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി നേതാവ് ആരാധന മിശ്ര മോണ ഈ സാഹചര്യത്തെ ‘ദുഃഖകരം’ എന്നാണ് വിശേഷിപ്പിച്ചത്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും അധ്യാപക ക്വാട്ടയിൽ നിന്നും പാർട്ടി അംഗങ്ങളെ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് അയയ്ക്കാൻ ശ്രമിക്കുമെന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിച്ചു.
സമാജ്‍വാദി പാർട്ടിയുടെ കവി സാഹിദ് ഹസൻ എന്ന വസീം ബറേൽവിയും ബുധനാഴ്ച കാലാവധി അവസാനിച്ചവരിൽ ഉൾപ്പെടുന്നു. ആദ്യ ആദിത്യനാഥ് സർക്കാരിലെ ഏക മുസ്‍ലിം മന്ത്രിയായിരുന്ന മൊഹ്സിൻ റാസയുടെ കാലാവധി മാര്‍ച്ചില്‍ അവസാനിച്ചിരുന്നു, എസ്‍പി നേതാവും കൗൺസിലിലെ പ്രതിപക്ഷ നേതാവുമായ അഹമ്മദ് ഹസൻ ഫെബ്രുവരിയിൽ അന്തരിച്ചു.
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും മന്ത്രി ചൗധരി ഭൂപേന്ദ്ര സിങും കാലാവധി അവസനിച്ചവരില്‍ ഉൾപ്പെടുന്നു. എന്നാൽ ഇരുവരും അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച് സഭയിലേക്ക് മടങ്ങി. എസ്‍പിയിൽ നിന്ന് രണ്ട് പേരും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 100 അംഗ കൗൺസിലിൽ 72 സീറ്റുകളുമായി ബിജെപി ശക്തമായ നിലയിലാണ്. പ്രധാന പ്രതിപക്ഷമായ എസ്‍പിക്ക് ഒമ്പത് അംഗങ്ങളുണ്ട്.
English summary;UP Legislative Council without Congress in 110 years
You may also like this video;