Site iconSite icon Janayugom Online

മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്ത് യുപി പൊലീസ്

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് യുപി പൊലീസ്. തീവ്രഹിന്ദുത്വവാദി നേതാക്കളായ യതി നരസിംഹാനന്ദ്, മഹന്ത് ബജ്‌റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവരെ വര്‍ഗീയ വിദ്വേഷം പരത്തുന്നവര്‍ എന്ന് വിളിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

രാഷ്ട്രീയ ഹിന്ദു ഷേര്‍ സേനയുടെ ജില്ലാ തലവനായ ഭഗവാന്‍ ശരണ്‍ എന്നയാളുടെ പരാതിയിലാണ് നടപടി. ഗ്യാന്‍വാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനലിന്റെ ഒരു ചര്‍ച്ച മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തിരുന്നു.

മറ്റ് മതങ്ങളെ അവഹേളിച്ച്‌ വിദ്വേഷ പ്രസംഗം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കാനുള്ള വേദിയായി ഇന്ത്യന്‍ മാധ്യമങ്ങള്‍ മാറിയിരിക്കുകയാണെന്നായിരുന്നു പോസ്റ്റിലെ പരാമര്‍ശം. ഇതിനെതിരായാണ് ശരണ്‍ പരാതി നല്‍കിയിരിക്കുന്നത്.

സുബൈറിന്റെ പരാമര്‍ശം തന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് പരാതിയില്‍ പറയുന്നു. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് നേരത്തേ നിരവധി കേസുകളില്‍ അറസ്റ്റിലായ വ്യക്തിയാണ് യതി നരസിംഹാനന്ദ്.

യുപിയിലെ മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തതിന് ബജ്റംഗ് മുനി ദാസിനെ ഇക്കഴിഞ്ഞ ഏപ്രിലില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Eng­lish summary;UP police file case against journalist

You may also like this video;

Exit mobile version