Site icon Janayugom Online

യുപിയിൽ ആദ്യഘട്ട വോട്ടെടുപ്പ്‌ തുടങ്ങി; മത്സരം 58 മണ്ഡലങ്ങളിലേക്ക്‌

ഉത്തർപ്രദേശിൽ നിയമസഭയിലേക്കുള്ള ഒന്നാംഘട്ടം വോട്ടെടുപ്പ്‌ ആരംഭിച്ചു. പടിഞ്ഞാറൻ യുപിയിൽ ഉൾപ്പെടുന്ന 11 ജില്ലയിലായി 58 മണ്ഡലമാണ്‌ ഒന്നാം ഘട്ടത്തിൽ. 625 സ്ഥാനാർഥികളാണ്‌ ഒന്നാം ഘട്ടത്തിൽ മത്സരരംഗത്തുള്ളത്‌. വോട്ടർമാർ 2.27 കോടിയും . രാവിലെ 7 മുതൽ വൈകിട്ട്‌ ആറ്‌ വരെയാണ്‌ വോട്ടെടുപ്പ്‌.

ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് 3, 7 എന്നിങ്ങനെ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെുപ്പ്‌ നടക്കുന്നത്‌. ജാട്ട്‌ ഭൂമിയെന്നും കരിമ്പുകൃഷിയുടെ കേന്ദ്രമെന്നും വിശേഷിക്കപ്പെടുന്ന ബാഗ്‌പത്‌, മുസഫർനഗർ, ഷാംലി, ബിജ്‌നോർ, മീററ്റ്‌, അലിഗഢ്‌, മഥുര, ബുലന്ദ്‌ഷഹർ, ഹാപുർ, ഗൗതം ബുദ്ധ്‌നഗർ, ഗാസിയാബാദ്‌ എന്നീ ജില്ലകളിലായാണ്‌ വോട്ടെടുപ്പ്‌. 2017 നിയമസഭാ തെരഞ്ഞെടുപ്പിൽ 58 സീറ്റിൽ 53ഉം ബിജെപി നേടി. രണ്ടു സീറ്റിൽവീതം എസ്‌പിയും ബിഎസ്‌പിയും ഒരു സീറ്റിൽ ആർഎൽഡിയും ജയിച്ചു.

ഒമ്പത് മന്ത്രിമാർ ആദ്യഘട്ടത്തിൽ ജനവിധി തേടുന്നു.അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പായുള്ള സെമി ഫൈനലായി വിശേഷിക്കപ്പെടുന്ന യുപി തെരഞ്ഞെടുപ്പ്‌ ബിജെപിക്ക്‌ നിർണായകം. പാർലമെന്റിൽ ആധിപത്യം നിലനിർത്താൻ യുപി ഫലം അനുകൂലമാകണം.

കർഷകസമരം സൃഷ്ടിച്ച ബിജെപി വിരുദ്ധ വികാരത്തിനൊപ്പം സ്വാമി പ്രസാദ്‌ മൗര്യയെപ്പോലുള്ള മുതിർന്ന പിന്നോക്കവിഭാഗം നേതാക്കളുടെ കൊഴിഞ്ഞുപോക്കും വെല്ലുവിളിയാണ്‌. മൂന്നു മന്ത്രിമാരടക്കം 13 എംഎൽഎമാരാണ്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിനു പിന്നാലെ ബിജെപി വിട്ടത്‌.

Eng­lish Sumam­ry: UP polls begin; Com­pe­ti­tion to 58 constituencies‌

You may also like this video:

Exit mobile version