Site iconSite icon Janayugom Online

ഉത്തർപ്രദേശിൽ സ്കൂളില്‍ വിതരണം ചെയ്ത വിരഗുളിക കഴിച്ച് 100ലധികം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഉത്തർപ്രദേശിൽ സ്കൂൾ അധികൃതർ വിതരണം ചെയ്ത വിരഗുളിക കഴിച്ച് 100ലധികം വിദ്യാർഥികള്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചു. വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫറൂഖാബാദിലെ കമാൽഗഞ്ച് ബ്ലോക്കിലുള്ള ജവഹർലാൽ പ്രേമദേവി സ്കൂളിലാണ് സംഭവം. വിര നിശീകരണ യജ്ഞത്തിന്റെ ഭാഗമായി നൽകിയ അൽബൻഡസോൾ ഗുളിക കഴിച്ച കുട്ടികൾക്ക് മിനിറ്റുകൾക്കകം കഠിനമായ തലവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. 

സ്കൂളിലെ 150 ഓളം കുട്ടികൾക്ക് ഗുളിക നൽകിയതിൽ 100 പേർക്കും അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഇത് രക്ഷിതാക്കൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തി. 33 കുട്ടികളെ കമാൽഗഞ്ച് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും 67 കുട്ടികളെ ലോഹിയ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും ഇത്രയധികം കുട്ടികൾക്ക് ഒരേസമയം അസ്വസ്ഥത ഉണ്ടായത് ഗുളികയുടെ ഗുണനിലവാരത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

ജില്ലയിലുടനീളം ഇതേ ഗുളികകൾ വിതരണം ചെയ്തിട്ടുണ്ടെന്നും എന്നാൽ ഈ സ്കൂളിൽ മാത്രമാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നുമാണ് ജില്ലാ മജിസ്‌ട്രേറ്റ് അശുതോഷ് കുമാർ ദ്വിവേദിയുടെ വിശദീകരണം. സംഭവത്തിൽ ഗുളികയുടെ തകരാറാണോ അതോ മറ്റ് കാരണങ്ങളാണോ എന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയാണോ ഇത്തരമൊരു ദുരന്തത്തിന് വഴിയൊരുക്കിയത് എന്ന ആക്ഷേപം ശക്തമാണ്.

Exit mobile version