Site iconSite icon Janayugom Online

യുപി എസ്ഐആര്‍ പ്രതിസന്ധിയിൽ

ഉത്തർപ്രദേശിലെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആര്‍) നടപടികൾ അനിശ്ചിതത്വത്തിൽ. ഡിസംബർ 31ന് പ്രസിദ്ധീകരിക്കാനിരുന്ന കരട് വോട്ടർപട്ടിക മൂന്നാം തവണയും മാറ്റിവച്ചു. പുതുക്കിയ വോട്ടർപട്ടിക ജനുവരി 6ന് പ്രസിദ്ധീകരിക്കുമെന്നാണ് നിലവിലെ വിവരം. സംസ്ഥാനത്തെ മൊത്തം വോട്ടർമാരിൽ ഏകദേശം 18.70 % പേരെ ഒഴിവാക്കിയതാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകാൻ ഇടയാക്കിയതെന്നാണ് സൂചന.

സംസ്ഥാനത്തെ ആകെ 15.44 കോടി വോട്ടർമാരിൽ 2.89 കോടി പേരെയാണ് ഇത്തവണ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. എന്നാൽ ഇത്രയും വലിയൊരു % വോട്ടർമാരെ ഒരേസമയം ഒഴിവാക്കിയത് പരിശോധനകൾ സങ്കീർണമാക്കിയിരിക്കുകയാണ്. ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ പുനഃപരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേക നിര്‍ദേശം നൽകിയിട്ടുണ്ട്.

പട്ടിക വൈകാനുള്ള മറ്റൊരു പ്രധാന കാരണം പോളിങ് ബൂത്തുകളുടെ പുനർനിർണയമാണ്. വോട്ടർമാരുടെ സൗകര്യാർത്ഥം ഓരോ ബൂത്തിലുമുള്ള വോട്ടർമാരുടെ എണ്ണത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഒരു ബൂത്തിൽ പരമാവധി 1200 വോട്ടർമാർ. ഈ മാറ്റം കാരണം സംസ്ഥാനത്ത് 15,030 പുതിയ ബൂത്തുകൾ കൂടി അനുവദിക്കേണ്ടി വന്നു. ഇതോടെ ആകെ ബൂത്തുകളുടെ എണ്ണം 1.62 ലക്ഷത്തിൽ നിന്ന് 1.77 ലക്ഷമായി ഉയർന്നു. പുതിയ ബൂത്തുകളിലേക്ക് വോട്ടർമാരെ മാറ്റുന്നതും ബൂത്ത് ലെവൽ ഓഫിസര്‍മാരെ (ബിഎല്‍ഒ) നിയമിക്കുന്നതും നടപടികൾ വൈകിപ്പിച്ചു.
ഒക്ടോബർ 27ന് ആരംഭിച്ച വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയിൽ ഏറ്റവും കൂടുതൽ സമയം അനുവദിച്ചു കിട്ടിയത് ഉത്തർപ്രദേശിനാണ്. ആദ്യം നവംബർ 30ന് ഒരാഴ്ചത്തെ ഇളവ് നൽകി. പിന്നീട് ഡിസംബർ 11ന് രണ്ടാഴ്ച കൂടി അനുവദിച്ചു. ഇപ്പോൾ മൂന്നാമത്തെ തവണയാണ് കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് ജനുവരി 6ലേക്ക് നീട്ടുന്നത്. ജനുവരി 6ന് കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം പൊതുജനങ്ങൾക്ക് പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാൻ അവസരം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Exit mobile version