Site iconSite icon Janayugom Online

തെറ്റ് പറ്റിയെന്നും മാപ്പ് തരണമെന്നും യുപിയിലെ അധ്യാപിക

രാജ്യത്തെ നാണംകെടുത്തുകയും മതവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷസാധ്യതയുണ്ടാക്കുകയും ചെയ്ത യുപി സ്ക മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക തൃപ്ത ത്യാഗി. താൻ തെറ്റ് ചെയ്തെന്നും മാപ്പ് ചോദിക്കുന്നുവെന്നുമാണ് അധ്യാപിക പുറത്തിറക്കിയ വീഡിയയിൽ പറയുന്നത്. കുട്ടിയെ സഹപാഠികളെ കൊണ്ട് തല്ലിച്ചതിന് പിന്നിൽ വർഗീയത ഇല്ലെന്നും അധ്യാപിക പറഞ്ഞു.

‘എനിക്ക് തെറ്റുപ്പറ്റി. ഹിന്ദു-മുസ്ലിം വർഗീയത ഉണ്ടാക്കണമെന്ന ഉദ്ദേശമില്ലായിരുന്നു. കുട്ടി ഹോം വർക്ക് ചെയ്തിട്ടില്ലായിരുന്നു. ശിക്ഷിക്കുന്നതിലൂടെ അതിനെ ഓർമിപ്പിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം, ’ വീഡിയോയിൽ തൃപ്ത പറയുന്നു. താനൊരു ഭിന്നശേഷിക്കാരിയാണെന്നും അതിനാലാണ് സഹപാഠികളെ കൊണ്ട് തല്ലിച്ചതെന്നും കുട്ടി പഠിക്കാൻ തുടങ്ങണമെന്നായിരുന്നു തനിക്കുണ്ടായിരുന്നതെന്നും അധ്യാപിക കൂട്ടിച്ചേർത്തു. ഹിന്ദു-മുസ്ലിം വർഗീയത ഉണ്ടാക്കാൻ വേണ്ടി വീഡിയോ പ്രചരിപ്പിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.

‘കൈകൾ കൂപ്പി ചെയ്തത് തെറ്റാണെന്ന് ഞാൻ അംഗീകരിക്കുന്നു. എന്നാൽ ഹിന്ദു-മുസ്ലിം വിഭജനം ഉണ്ടാക്കണമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. പല മുസ്ലിം രക്ഷിതാക്കൾക്കും സ്കൂളിലെ ഫീസ് താങ്ങാൻ സാധിച്ചിരുന്നില്ല. ഞാനവരെയെല്ലാം സൗജന്യമായി പഠിപ്പിച്ചു. മുസ്ലിം വിദ്യാർത്ഥികളെ ഉപദ്രവിക്കുക എന്ന ഉദ്ദേശം എനിക്കില്ലായിരുന്നു, ’ ത്യാഗി പറഞ്ഞു. എന്നാൽ താൻ ചെയ്തതിൽ ലജ്ജിക്കുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം തൃപ്ത പറഞ്ഞിരുന്നത്.

അതേസമയം, അന്വേഷണ വിധേയമായി സംഭവം നടന്ന നേഹ പബ്ലിക്ക് സ്കൂൾ ഇന്നലെ അടച്ചുപൂട്ടിയിരുന്നു. എന്നാൽ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ പഠനത്തെ ഇത് ബാധിക്കാതിരിക്കാൻ കുട്ടികളെ അടുത്തുള്ള സ്കൂളിൽ പ്രവേശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. അന്വേഷണം പൂർത്തിയാകുന്നത് വരെയാണ് സ്കൂൾ അടച്ചിടുക. സംഭവത്തിൽ കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ത്യാഗിക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു

ഓഗസ്റ്റ് 24നാണ് വിദ്യാർത്ഥിയെ അധ്യാപിക മറ്റ് വിദ്യാർത്ഥികളെ വെച്ച് മുഖത്തടിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നത്. അധ്യാപിക വിദ്യാർത്ഥിയെ ക്ലാസിൽ എഴുന്നേറ്റ് നിർത്തിപ്പിക്കുകയും ബാക്കിയുള്ള കുട്ടികളോട് മുഖത്ത് അടിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.

അധ്യാപികയുടെ നിർദേശപ്രകാരം മുസ്ലിം വിദ്യാർത്ഥിയുടെ മുഖത്ത് ഓരോരുത്തരായി വന്ന് അടിക്കുന്നതും, കൂട്ടുകാരനെ അടിക്കുമ്പോൾ മനസുനൊന്ത വിദ്യാർത്ഥികളെ അധ്യാപിക ശകാരിച്ചു ഭയപ്പെടുത്തുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു. അക്രമത്തിനിരയായി കുട്ടി മുസ്ലിം മത വിഭാഗത്തിൽപ്പെട്ട ക്ലാസിലെ ഏക വിദ്യാർത്ഥിയായിരുന്നു. താൻ എല്ലാ മുസ്ലിം കുട്ടികളെയും അടിക്കുമെന്ന് അധ്യാപിക പറയുന്നതും പുറത്തുവന്ന വീഡിയോയിൽ കേൾക്കാം.

Eng­lish Sam­mury: UP teacher appol­o­gise for her act

you may also like this video;

Exit mobile version