പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട ഹിയറിംഗിനിടെ നാടകീയ രംഗങ്ങൾ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച സ്പെഷ്യൽ റോൾ ഒബ്സർവർക്ക് നേരെ ജനക്കൂട്ടം പ്രതിഷേധിച്ചു. ഭാംഗറിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനുമായി നൽകിയ അപേക്ഷകൾ ഉദ്യോഗസ്ഥർ ഏകപക്ഷീയമായി തള്ളുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ഹിയറിംഗ് നടക്കുന്ന വേദിക്ക് പുറത്ത് തടിച്ചുകൂടിയ നൂറുകണക്കിന് ആളുകൾ ഐഎഎസ് ഉദ്യോഗസ്ഥനായ സ്പെഷ്യൽ ഒബ്സർവറെ തടയാൻ ശ്രമിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ ഒഴിവാക്കപ്പെടുന്നുവെന്നും പ്രക്രിയ സുതാര്യമല്ലെന്നുമാണ് നാട്ടുകാരുടെ പരാതി.
പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സമാനമായ പരാതികൾ ഉയരുന്നതിനിടെയാണ് മുതിർന്ന ഉദ്യോഗസ്ഥന് നേരെ പരസ്യമായ പ്രതിഷേധം ഉണ്ടായത്. സംഭവത്തിൽ ജില്ലാ ഭരണകൂടം വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.

