സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉൾപ്പെടെ യുപിഐ, ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ തുടർച്ചയായി തടസപ്പെടുന്നതോടെ ഉപഭോക്താക്കൾ വലയുന്നു. പുതിയ സാമ്പത്തിക വർഷം ആരംഭിച്ച ശനിയാഴ്ച സെർവർ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഉച്ചമുതൽ സേവനങ്ങൾ ലഭ്യമല്ലായിരുന്നു. കേരളത്തിൽ ഉൾപ്പെടെ എടിഎം ഇടപാടുകളും തടസപ്പെടുകയും ഉപഭോക്താക്കൾ പ്രതിസന്ധിയിലാകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസവും ദീർഘനേരത്തേക്ക് യുപിഐ, ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ തടസപ്പെട്ടു. തുടർച്ചയായിട്ടുള്ള സെർവർ തകരാർ മൂലം ഗൂഗിൾ പേ, പേയ്ടിഎം, ബിഎച്ച്ഐഎം, ഫോൺ പേ തുടങ്ങിയ ഇടപാടുകളും തടസം നേരിടുന്നുണ്ടെന്ന് ഉപഭോക്താക്കളിൽ നിന്നും വ്യാപകമായ പരാതികളുണ്ട്.
ബാങ്ക് ബാലൻസുകൾ പരിശോധിക്കുന്നതുൾപ്പെടെയുള്ള സേവനങ്ങളും സെർവർ തകരാർ മൂലം പലപ്പോഴും തടസപ്പെടുന്നു. എസ്ബിഐ വാട്സ് ആപ്പ് ബാങ്കിങ് ഉൾപ്പെടെയുള്ള സേവനങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോഴും സെർവർ തകരാർ മൂലം ഉണ്ടാകുന്ന പോരായ്മകൾ പരിഹരിക്കുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ ആക്ഷേപം. സാമ്പത്തിക വർഷാവസാന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ യോനോ, യോനോ ലൈറ്റ്, യോനോ ബിസിനസ്, യുപിഐ ഇടപാടുകൾ ഏപ്രിൽ ഒന്നിന് ഉച്ചയ്ക്ക് 1.30 മുതൽ 4.45 വരെ തടസപ്പെടുമെന്ന് അധികൃതർ നവമാധ്യമങ്ങൾ വഴി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ രാത്രിവരെയും സേവനങ്ങൾ തടസപ്പെട്ടതായി പരാതികൾ ഉണ്ട്. എടിഎം ഇടപാടുകൾ ഉൾപ്പെടെ തടസപ്പെട്ടത് ഇടപാടുകാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. നിശ്ചിത പരിധി കഴിഞ്ഞുള്ള ബാങ്കിങ് ഇടപാടുകൾക്ക് വലിയ തുക ഈടാക്കുന്ന എസ്ബിഐ പോലുള്ള ബാങ്കുകൾ ഇത്തരം പ്രശ്നങ്ങളെ മുഖവിലയ്ക്കെടുക്കുന്നില്ല. എസ്ബിഐ ഇക്കാര്യത്തിൽ ഔദ്യോഗികമായി വിശദീകരണത്തിന് തയ്യാറായിട്ടുമില്ല. മറ്റ് ബാങ്കുകളിലും സെർവർ തകരാർ പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കാറുണ്ടെന്നും ഉപഭോക്താക്കൾ ആരോപിക്കുന്നുണ്ട്.
English Summary: UPI and online banking services are disrupted
You may also like this video