Site iconSite icon Janayugom Online

കിഴക്കന്‍ വെള്ളത്തിന്റെ വരവ് നിലച്ചിട്ടും ദുരിതം ഒഴിയാതെ അപ്പര്‍ കുട്ടനാടന്‍ മേഖല

കിഴക്കൻ വെള്ളത്തിന്റെ ശക്തമായ വരവ് നിലക്കുകയും മഴയ്ക്ക് ശമനമുണ്ടായിട്ടും ദുരിതമൊഴിയാതെ അപ്പർ കുട്ടനാടൻ മേഖല. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം ഒഴുകിമാറാൻ മാർഗ്ഗമില്ലാത്തതാണ് മേഖല ദുരിതത്തിലാകുന്നതിന്റെ പ്രധാനകാരണം. ആറുകൾ, തോടുകൾ, പൊതു കുളങ്ങൾ പാടശേഖരങ്ങൾ എന്നിവയുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് ദുരിതമേറേയും.

മലിനജലം കെട്ടികിടക്കുന്നതിനാൽ ദുർഗന്ധം വമിക്കുന്നുണ്ടെന്നും കൊതുകുകളുടെ ഉപദ്രവം കൂടുതലാണെന്നും വെള്ളക്കെട്ടിൽ കൂടി നടക്കുമ്പോൾ കാൽപാദങ്ങൾ ചൊറിഞ്ഞു തടിക്കാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. ജലജന്യ സാംക്രമിക രോഗങ്ങൾക്ക് സാധ്യതയുണ്ടെന്നും, എലിപ്പനി പടരുന്ന സാഹചര്യമുണ്ടെന്നും ആരോഗ്യമേഖല മുന്നറിയിപ്പുനൽകുന്നുണ്ട്. ചെറുതന, വീയപുരം ആറുകളിൽ ഡ്രജ്ജിംഗ് നടത്തി ആഴം കൂട്ടി വെള്ളപ്പൊക്കത്തിന്റെ രൂക്ഷത കുറക്കാൻ സർക്കാർ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലുംചെറുതനയിൽ മാത്രം ഡ്രജ്ജിഗ് നടത്തി കരാറുകാരൻ പിൻമാറുകയായിരുന്നു.

വീയപുരത്ത് ഡ്രജ്ജിംഗ് നടത്താത്തതിൽ പ്രതിഷേധം വ്യാപകമാകുന്നതിനിടയിലാണ് വെള്ളപ്പൊക്കം രൂക്ഷമാകുന്നത്. ഇതോടെ ചെറുതനയിൽ വെള്ളം ഇറങ്ങി കഴിഞ്ഞാലും വീയപുരത്തെ വെള്ള ഇറങ്ങാൻ കാലതാമസമുണ്ടാകും. അതുപോലെ വീയപുരം കൃഷിഭവൻ പരിധിയിലെ പുഞ്ചകൃഷിക്ക് ഒരുങ്ങിയ 17 പാടങ്ങൾ വെള്ളപൊക്കത്താൽ മുങ്ങിയതിനാൽ പാടത്തെ വെള്ളം ആറുകളിലേക്ക് പുറംതള്ളുന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് മാറാൻ കാലതാമസമുണ്ടാകുമെന്നുംനാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ചെറുതും വലുതുമായ 8 പാലങ്ങളാണ് വീയപുരത്തെ ആറുകൾക്ക് കുറുകെ ഉള്ളത്. അതുപോലെ ചെറുതന, കരുവാറ്റ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊപ്പാറക്കടവുപാലവും, ചെറുതന, ആയാപറമ്പ് കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആനാരിപാലവും, പാണ്ടി, പെരുമാൻകര തുടങ്ങിയ ചെറുപാലങ്ങളിലും ഒഴുകിയെത്തിയ മുളങ്കൂട്ടങ്കളും, മരങ്ങളും, മറ്റ് മാലിന്യങ്ങളും കൊണ്ട് ഒഴുക്ക് തടസ്സപ്പെട്ടു. ഇത് ജലഗതാഗതത്തിനും തടസം നിൽക്കുന്നു. തോട്ടപള്ളി സ്പിൽവേയിലൂടെ വെള്ളം ഒഴുകിമാറാൻ തടസ്സം നിൽക്കുന്നതാണ് ഇതിനു പ്രധാനകാരണം.

കടലിലേക്ക് വെള്ളം ഒഴുകിപോകുന്നതിനുള്ള പൊഴി തുറന്നു കിടക്കുന്നുണ്ടെങ്കിലും നീരൊഴുക്ക് കുറവാണ്. പമ്പാ, അച്ചൻകോവിൽ എന്നീ ആറുകളിലൂടെ ഒഴുകിയെത്തുന്ന കിഴക്കൻവെള്ളം തോട്ടപള്ളി സ്പിൽവെ പാലത്തിന്റെ അടിത്തട്ടിൽ എത്തിച്ചേരുമെങ്കിലും ഇവിടെ മണൽ നിറഞ്ഞു കിടക്കുന്നതിനാൽ ഒഴുക്ക് നിലക്കാറാണ് പതിവ്. പാടശേഖരങ്ങളിൽ നിന്നും പുറംതള്ളുന്ന പായലുകളും മറ്റ് മാലിന്യങ്ങളും ഒഴുക്കിന് തടസമാകുന്നുണ്ട്. കൂടാതെ സ്പിൽവെയുടെ അടിത്തട്ടിൽ മണൽ നിറഞ്ഞിരിക്കുകയാണ്. ഈ മണൽ മാറ്റിയാൽ കടൽ ക്ഷോഭമില്ലെങ്കിൽ നീരൊഴുക്ക് സുഗമമാകും. മുൻകാലങ്ങളിൽ അപ്പർ കുട്ടനാട്ടിൽ വെള്ളപ്പൊക്കത്തിലെ വെള്ളം കടലിലേക്ക് ഒഴുക്കിവിട്ടിരുന്നതും ഈ മാർഗത്തിലൂടെ ആയിരുന്നു. കൃഷിസീസൺ ആരംഭിക്കുന്നതോടെ പാടശേഖരങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ഇനിയും കൂടാനാണു സാധ്യത.

ആയതിനാൽ നീരൊഴുക്ക് സുഗമമാക്കുന്നതിന്റെ ഭാഗമായി വെള്ളപ്പൊക്കത്തിൽ ആറുകളിൽ എത്തി കുന്നുകളായിട്ടുള്ള ചെളികളും മണൽ കൂനകളും ചെറുതും വലുതുമായ പാലത്തിന്റെ തൂണുകളിൽ കുടുങ്ങിയിട്ടുള്ള മാലിന്യങ്ങളും നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഇറിഗേഷൻ വകുപ്പാണ് മാലിന്യങ്ങൾ നീക്കംചെയ്യേണ്ടതെന്നാണ് തദ്ദേശസ്ഥാപനങ്ങൾ പറയുന്നത്. പരാതികൾ നിലനിൽക്കെ ജില്ല കളക്ടർ മാലിന്യങ്ങൾ അടിഞ്ഞു കിടക്കുന്ന പാലങ്ങൾ നേരിട്ടെത്തി ബോധ്യ പ്പെട്ടിരുന്നു. നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് വെള്ളപ്പൊക്ക ദുരിതബാധിതർ.

Exit mobile version